കള്ളം പറഞ്ഞ് യാത്രചെയ്താല്‍ പിടി വീഴും

0

കള്ളം പറഞ്ഞ് യാത്രചെയ്താല്‍ പിടി വീഴും
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭാഗീകമായി ഇളവ് വരുത്തിയെങ്കിലും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെ പൂട്ടാന്‍ പുതുവിദ്യയുമായി പോലീസ് രംഗത്ത്. ഇനിമുതല്‍ റോഡില്‍ ലാത്തി, വിസില്‍ എന്നിവയ്ക്ക് പുറമേ മൊബൈല്‍ഫോണും പോലീസ് ആയുധമാക്കും. അനാവശ്യമായി സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവരെ കുരുക്കിലാക്കാന്‍ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളില്‍ പരീക്ഷിച്ച് വിജയിച്ച ‘റോഡ് വിജില്‍’ ആപ്പ് ജില്ലയിലും നിരീക്ഷണത്തിനായി ഉപയോഗിക്കാനാണ് പോലീസിന്റെ തീരുമാനം.
വിവിധ ആവശ്യങ്ങള്‍ക്കായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും പോകുന്ന സ്ഥലവും ആദ്യ വാഹന പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥന്‍ ആപ്പില്‍ രേഖപ്പെടുത്തും. ഇതേ വ്യക്തിയെ മറ്റൊരിടത്ത് വെച്ച് പരിശോധനയ്ക്ക് വിധേയനാകുമ്പോള്‍ വാഹന നമ്പര്‍ രേഖപ്പെടുത്തുന്ന മുറയ്ക്ക് ആപ്പില്‍ നേരത്തേ നല്‍കിയ വിവരങ്ങള്‍ ലഭ്യമാവും. യാത്ര ചെയ്ത സ്ഥലം നേരത്തെ നല്‍കിയതില്‍ നിന്നും വ്യത്യസ്തമാണെന്ന് കണ്ടാല്‍ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസിന് സാധിക്കും. ഇത് വാഹന പരിശോധനക്കിടെ കള്ളം പറഞ്ഞ് മിടുക്കരാവുന്നവരുടെ നില പരുങ്ങലിലാക്കും. പോലിസിനെതിരെയുളള പരാതികള്‍ കുറക്കാനും ആപ്പ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ റോഡ് വിജില്‍ ആപ്പ് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോയുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!