പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമുളള റേഷന്‍ അരി വിതരണത്തിനുളള ക്രമീകരണങ്ങളായി. എ.എ.വൈ(മഞ്ഞ) കുടുംബങ്ങള്‍ക്ക് ഏപ്രില്‍ 20,21 തിയ്യതികളിലാണ് അരി വിതരണം. (ആ ദിവസങ്ങളില്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 30 വരെ വാങ്ങാം). പി.എച്ച്.എച്ച് (പിങ്ക്) കാര്‍ഡുടമ കള്‍ക്ക് ഏപ്രില്‍ 22 മുതല്‍ 30 വരെ വിതരണം ചെയ്യും. തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ ദിവസങ്ങള്‍ ക്രമീകരിച്ചത്. കാര്‍ഡ് നമ്പര്‍ 1 ല്‍ അവസാനിക്കുന്നവയ്ക്ക് ഏപ്രില്‍ 22 നും തുടര്‍നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം. അവസാന നമ്പര്‍ 9 അല്ലെങ്കില്‍ 0 ആയ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍ 30 നാണ് വിതരണം. സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും. പദ്ധതി പ്രകാരം അന്ത്യോദയ അന്നയോജന,മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് മൂന്ന് മാസത്തേക്ക് ഒരംഗത്തിന് 5 കിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും.
ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്നും സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങിക്കാന്‍ സാധിക്കാത്തവര്‍ ബന്ധപ്പെട്ട മെമ്പര്‍/കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രില്‍ 21-ാം തീയ്യതിക്ക് മുമ്പായി ഇപ്പോള്‍ താമസിക്കുന്ന വിലാസത്തിന് സമീപത്തുളള റേഷന്‍കടയില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.