പൂച്ചകള്‍ ചത്തത് ഫിലൈന്‍ പാര്‍വോ വൈറസ് രോഗം മൂലം
മാനന്തവാടി ലക്ഷം വീട് – കണിയാരം ഭാഗങ്ങളിലും മേപ്പാടി മുണ്ടകൈ ഭാഗങ്ങളിലും പൂച്ചകള്‍ കൂട്ടത്തോടെ ചാവാന്‍ കാരണം പൂച്ചകളെ ബാധിക്കുന്ന ഫിലൈന്‍ പാര്‍വോ വൈറസ് രോഗം മൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ചീഫ് വെറ്ററനറി ഓഫീസര്‍ ഡോ. ഡി രാമചന്ദ്രന്‍ അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസില്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ടീം സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക അന്വേഷണം നടത്തിയാണ് രോഗ നിര്‍ണയത്തിനുള്ള സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. വളര്‍ത്തു പൂച്ചകള്‍ക്ക് പ്രതിരോധ കുത്തി വയ്പ് നല്‍കി ഈ അസുഖത്തില്‍ നിന്ന് സംരക്ഷിക്കാമെന്ന് ചീഫ് വെറ്ററനറി ഓഫീസര്‍ പറഞ്ഞു.
പ്രദേശത്തുളള പൂച്ചകള്‍ അകാരണമായി കൂട്ടത്തോടെ ചാവുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.