കാറ്റിലും മഴയിലും കൂരകള്‍ തകര്‍ന്നു

0

ചെതലയം കൊമ്മഞ്ചേരിയില്‍ നിന്ന് കൊമ്പന്‍മൂലയിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങളുടെ കൂരകള്‍ കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. അഞ്ച് വീടുകളാണ് കാറ്റിലും മഴയിലും തകര്‍ന്നത്. ഇവരെ ചേനാട് ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റി. നാലു വര്‍ഷം മുമ്പ് വനത്തില്‍ നിന്ന് മാറ്റിപാര്‍പ്പിച്ച ഇവര്‍ക്ക് വനം- ട്രൈബല്‍ വകുപ്പുകള്‍ പ്രഖ്യാപിച്ച വീടും സ്ഥലവും ഉപജീവനമാര്‍ഗങ്ങളും ഇപ്പോഴും കിട്ടാക്കനിവെള്ളിയാഴ്ച രാത്രി വേനല്‍ മഴയ്ക്കൊപ്പം വീശിയടിച്ച കനത്ത കാറ്റിലാണ് ചെതലയം കൊമ്പന്‍മൂല വനാതിര്‍ത്തിയിലെ അഞ്ചു കൂരകള്‍ ഭാഗികമായി തകര്‍ന്നത്. കൂരകളുടെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകളും, വശങ്ങള്‍ മറച്ച് പ്ലാസ്റ്റിക് ഷീറ്റുകളും കാറ്റെടുത്തു. ഇതോടെ കൂരകള്‍ക്കുള്ളില്‍ താമസിക്കാന്‍ കഴിയാതെ വന്ന കുടുംബങ്ങളെ ജനപ്രതിനിധികളും നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് ചേനാട് ഗവ. ഹൈസ്‌കൂളിലേക്ക് മാറ്റി. അഞ്ച് കുടുംബങ്ങളിലായി 12 അംഗങ്ങളെയാണ് സ്‌കൂളിലേക്ക് മാറ്റിയത്. 2016-ലാണ് വനാന്തരഗ്രാമമായി കൊമ്മഞ്ചേരിയില്‍ നിന്ന് ഇവരെ വനാതിര്‍ത്തിയിലെ കൊമ്പമൂലയിലേക്ക് മാറ്റിയത്. പ്രക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട് ആറുകുടുംബങ്ങളെയാണ് ഇങ്ങോട്ട് താല്‍ക്കാലികമായി മാറ്റിയത്. ഈ സമയം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം ഭൂമിയും വീടും ജീവനോപാധി മാര്‍ഗങ്ങളും നല്‍കുമെന്ന് ട്രൈബല്‍ വനംവകുപ്പ് ഉറപ്പ്നല്‍കിയിരിന്നു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായിട്ടും പ്രഖ്യാപനങ്ങളെല്ലാംതന്നെ ഫയലില്‍ തന്നെ ഉറങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം വേനല്‍ മഴയിലും കാറ്റിലും ഇവരുടെ കൂരകള്‍ തകര്‍ന്നിരുന്നു. അന്നും സമീപത്തെ എല്‍ പി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിയത്. അന്ന് ഇവര്‍ക്ക് ഉടനെ സ്ഥലം കണ്ടെത്തി വീടു നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പായില്ല. ട്രൈബല്‍ വകുപ്പ് കുടുംബങ്ങള്‍ക്ക് ജീവനോപാധി എന്ന നിലയില്‍ പോത്തുകുട്ടികളെ വാങ്ങാന്‍ തുക അനുവദിച്ചിട്ട് മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഇതും ഇവര്‍ക്ക് നല്‍കിയിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!