സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി ടൊവിനോ തോമസിനെ നിയമിച്ചു

0

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസിനെ നിയമിച്ചു. പ്രളയ കാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്ന് സമൂഹത്തിനും മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു.

 

പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികളെ മറികടന്ന ജനതയാണ് നമ്മൾ. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവർത്തിക്കാൻ സന്നദ്ധരായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ സമയത്ത് കാവലായി മാറിയത്. കൊവിഡ് കാലത്തും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് നിരവധി ആളുകളാണ് അണി ചേർന്നത്.

ഇത്തരം സന്നദ്ധ സേവന പ്രവർത്തനത്തിന് കൂടുതൽ ആളുകൾ മുന്നോട്ടു വരാനും പ്രവർത്തിക്കാനുമുള്ള ഒരു സംവിധാനം രൂപീകരിക്കുവാനാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതൽക്കൂട്ടായി മാറും.

സാമൂഹ്യ സേവനത്തിന്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാൻ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്.

അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാൻ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂർവം ഭാവുകങ്ങൾ നേരുന്നു’. മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!