അമ്പുകുത്തി റോഡിന്റെ അരികിടിഞ്ഞത് അപകടക്കെണിയായി. കുടിവെളള പൈപ്പിടാന്‍ ഒരുവര്‍ഷം മുമ്പ് കുഴിയെടുത്ത ഭാഗമാണ് ഇപ്പോള്‍ യാത്രക്കാരെ വലക്കുന്നത്. അമ്പുകുത്തി എടക്കല്‍ കവല മുതല്‍ മലവയല്‍ വരെ റോഡിന്റെ ഒരുവശം വലിയ കുഴിയായി മാറിയിരിക്കുകയാണ്.
കാരാപ്പുഴയില്‍ നിന്ന് ബത്തേരിയിലേക്ക് കുടി വെളളം കൊണ്ടുപോകുന്ന പൈപ്പുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.താരതമ്യേന വീതിയില്ലാത്ത റോഡിന്റെ ഒരുവശം കുഴിച്ചാണ് പൈപ്പിട്ടത്. പലയിടത്തും റോഡിന്റെ അരികു ഇടിച്ചായിരുന്നു കുഴിയെടുത്തത്. പൈപ്പിട്ട് കുഴികള്‍ മൂടിയെങ്കിലും മഴക്കാലം കഴിഞ്ഞതോടെ സ്ഥിതി വഷളായി. വെളളത്തിന്റെ കുത്തൊഴുക്കില്‍ മണ്ണ് ഒലിച്ചുപോയി. ഇതോടെ പാതയുടെ ഒരുവശം കിടങ്ങായി മാറി.
ഇവിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. നാല് സ്വകാര്യ ബസുകളും പത്തിലധികം സ്‌കൂള്‍ ബസുകളും പോകുന്ന വഴിയാണിത്. പലയിടത്തും വാഹനങ്ങള്‍ക്ക് അരികുനല്‍കാന്‍ ഇടമില്ല. രാത്രികാലങ്ങളില്‍ ഇതുവഴി പോകുന്നവര്‍ അപകടത്തില്‍പ്പെടാനുളള സാധ്യതയേറെയാണ്. കാല്‍നടയാത്രക്കാര്‍ക്കും അരികുമാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് പലഭാഗത്തും.