ചക്കിട്ടക്കാട്ട് കോളനിയില്‍ മാറ്റത്തിന്റെ ഗൃഹപ്രവേശം
ഇന്നലെവരെയും ഇരുള്‍ നിറഞ്ഞതായിരുന്നു അവര്‍ക്കെല്ലാം വീടുകള്‍. ചോര്‍ന്നൊലിക്കുന്ന കുടിലുകളില്‍ നിന്ന് ഇവരെല്ലാം ഇനി പുതിയ വീടുകളിലേക്ക്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വരദൂര്‍ മൂന്നാം വാര്‍ഡ് ചക്കിട്ടാട്ട് പ്രിയദര്‍ശിനി കോളനിയിലെ ഏഴ് കുടുംബങ്ങളാണ് ഒരേ ദിവസം പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്.ഗൃഹപ്രവേശന ചടങ്ങ് നാടിന്റെയും ആഘോഷമായി.പണിയ സമുദായത്തില്‍പെട്ട ഗീത,രാധ,അമ്മിണി,സോന,ഉഷ,ലീല,പാറ്റ എന്നിവരുടെ വീടിനായുള്ള വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് ഇതോടെ പൂവണിഞ്ഞത്. പഞ്ചായത്തിന്റെ ധനസഹായത്താടെ വാങ്ങിയ ഭൂമിയിലാണ് ലൈഫ് ഭവനപദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഇവര്‍ക്ക് വീടൊരുങ്ങിയത്. 48 ലക്ഷം രൂപയോളം ചെലവിലാണ് 7 വീടുകള്‍ നിര്‍മ്മിച്ചത്. ആദ്യഘട്ട ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ മൂന്ന് ഗുണഭോക്താക്കള്‍ക്ക് കൂടി വീടായാല്‍ കോളനിയിലെ എല്ലാവര്‍ക്കും പാര്‍പ്പിടമാകും.പുതിയ കിണര്‍ നിര്‍മ്മിച്ച് കുടിവെളളം നല്‍കുന്ന പദ്ധതിയും ഇവിടെ പുരോഗമിക്കുകയാണ്.
വീടുകളുടെ താക്കോല്‍ദാനച്ചടങ്ങ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹിയാനത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഓരോ വീടുകള്‍ക്കുമുളള എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണം കണിയാമ്പറ്റ പഞ്ചായത്ത് ടി.ഇ.ഒ ഷീജ പി.ജെ വിതരണം ചെയ്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ വിതരണവും ചെയ്തു. ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ കൃഷി ഓഫീസര്‍ ഇ.വി അനഘ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റഹീം ഫൈസല്‍,വാര്‍ഡ് മെമ്പര്‍ ഷീല രാമദാസ്, കോണ്‍ട്രാക്ടര്‍ ടി.വി. രഘു തുടങ്ങിയവര്‍ പങ്കെടുത്തു.