യെല്ലോലൈന്‍ കാമ്പെയിന്‍
മദ്യത്തിനും മയക്കുമരുന്നിനും എതിരെ വെള്ളമുണ്ടയില്‍ യെല്ലോ ലൈന്‍ ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്. പുകയില ഉല്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നും വ്യാപാരികള്‍ പിന്‍മാറണമെന്ന ആവശ്യം ശക്തമാകുന്നു.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രവും കൈകോര്‍ത്താണ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്.ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണ സന്ദേശ റാലികളും യെല്ലോ ലൈന്‍ ക്യാമ്പയിനും പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലും തുടരുകയാണ്. വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്, പോലീസ്, സ്‌കൂള്‍ പിടിഎ കളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ പരിപാടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്, ഭാവിതലമുറയെ നശിപ്പിക്കാതിരിക്കാന്‍ കൈകോര്‍ത്തു കൊണ്ടുള്ള ഈ പ്രവര്‍ത്തനത്തിന് വ്യാപാരികളും പങ്കാളികളാകണം എന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. കഴിഞ്ഞദിവസം വെള്ളമുണ്ട എട്ടേ നാലില്‍ പെട്ടിക്കടകാരനില്‍ നിന്നും 150 പാക്കറ്റ് ഹാന്‍സ് എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നീക്കങ്ങള്‍ സജീവമാക്കിയത്.