വൈത്തിരി സ്റ്റാന്‍ഡില്‍ ഇന്ന് കെ എസ് ആര്‍ ടി സി യില്‍ നിന്നും യാത്രക്കാരി തെറിച്ചു വീണ സംഭവത്തില്‍ കെ എസ് ആര്‍ ടി സിയുടെ ഭാഗത്തു ഗുരുതര വീഴ്ച.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ പ്രവര്‍ത്തന ക്ഷമമല്ലെന്ന് വ്യക്തമായി.തലക്ക് ഗുരുതര പരിക്കേറ്റ തളിമല സ്വദേശി ശ്രീ വല്ലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
കാലത്ത് 11.10 ഓടെയാണ് സംഭവം . മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ ആര്‍ ടി സി ബസ് വൈത്തിരി സ്റ്റാന്റില്‍ നിന്ന് പുറത്തേറിങ്ങവെ പിന്‍വശത്തെ വാതിലില്‍ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ച് വീണു. തളിമല സ്വദേശിനിയായ ശ്രീവല്ലിയെന്ന 54 കാരിയാണ് അപകടത്തിനിരയായത്. ബസിന്റെ ഓട്ടോമാറ്റിക് ഡോര്‍ അടക്കാത്തതാണ് അപകടത്തിന് കാരണമായത്. സ്റ്റാന്റില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ചെറിയ ഇറക്കത്തില്‍ യാത്രക്കാരി പിടിവിട്ട് പുറത്തേക്ക് വീഴുകയായിരുന്നു. സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ ഇവരെ വൈത്തിരി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചു . തലക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം വൈത്തിരി സ്റ്റാന്‍ഡില്‍ നിന്നും ഇറങ്ങുകയായിരുന്നു കെ എസ് ആര്‍ ടി സി യും കാറും തമ്മില്‍ അപകടത്തില്‍ പെട്ടിരുന്നു.