പതിനഞ്ച്കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ മാനന്തവാടി എസ്.എം.എസ് പോലീസ് അറസ്റ്റുചെയ്തു. തലപ്പുഴ പുതിയിടം വലിയ വളപ്പില്‍ സുജിത്ത് (26) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും, എസ്.സി.എസ്.ടി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. ജനുവരി 15ന് കണിയാരത്ത് വെച്ച് മധ്യവയസ്‌കനെ ഇടിച്ച് ഗുരുതരപരുക്കേല്‍പ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയും തെളിവുനശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൂടിയാണ് സുജിത്ത്. പതിനഞ്ചുകാരിയുടെ പരാതിപ്രകാരമാണ് സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഡിസിആര്‍ബി ഡിവൈഎസ്പി പ്രകാശന്‍ പി പടന്നയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാഹനമിടിച്ചിട്ട് നിര്‍ത്താതെ പോയ കേസില്‍ മാനന്തവാടി പോലീസ് രണ്ടാഴ്ചമുമ്പ് സുജിത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. സുജിത്ത് ഓടിച്ചിരുന്ന നാല് ചക്ര ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരിക്കറ്റ മധ്യവയസ്‌കനെ റോഡിലുപേക്ഷിച്ച് സുജിത്ത് കടന്നുകളയുകയും പിന്നീട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയ സംഭവമായിരുന്നു. മാനന്തവാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീമും സംഘവും നടത്തിയ അന്വേഷണത്തിലാണ് അന്ന് സുജിത്ത് വലയിലായത്.