കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പൊതുകിണറില്‍ പെരുച്ചാഴികളെ കൊന്ന് കല്ല്കെട്ടി നിക്ഷേപിച്ച നിലയില്‍ കണ്ടെത്തി.നെന്മേനി പഞ്ചായത്തിലെ റഹ്മത്ത് നഗര്‍ പുല്ലുവാരിയിലെ പൊതുകിണറിലാണ് പെരുച്ചാഴികളെ കൊന്നുതള്ളിയത്. സംഭവത്തില്‍ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പുല്ലുവാരിയിലെ പൊതുകിണറ്റിലാണ് മൂന്നു ദിവസം മുമ്പ് പെരുച്ചാഴിയെ കഴുത്തില്‍ കല്ലുകെട്ടി നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കിണറില്‍ നിന്നും വെള്ളം എടുക്കുന്നത് കുടുംബങ്ങള്‍ നിറുത്തി. പിന്നീട് ഇന്ന് കിണര്‍ വറ്റിച്ചപ്പോഴാണ് വീണ്ടും പെരുച്ചാഴിയെ കഴുത്തില്‍ കയറുകെട്ടി നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള കിണറ്റില്‍ പെരുച്ചാഴികളെ കല്ലുകെട്ടി നിക്ഷേപിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.