സെവന്‍സ് ഫുട്ബോള്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം
കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ മാനന്തവാടി ടീം ഉദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മേളയുടെ പോസ്റ്റര്‍ പ്രകാശനം മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ.ഒ.ആര്‍.കേളു നിര്‍വ്വഹിച്ചു. കഴിഞ്ഞ 16 വര്‍ഷമായി മാനന്തവാടി വളളിയൂര്‍ക്കാവ് മൈതാനത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊയിലേരി ഉദയയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഉദയ ഫുട്ബോള്‍ ഇത്തവണ ജനുവരി 24ന് മാനന്തവാടി ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂള്‍ വൊക്കേഷണല്‍ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാനത്തെ മികച്ച 20 ടീമുകള്‍ മേളയില്‍ മാറ്റുരയ്ക്കും. വിജയികള്‍ക്ക് 166666 രൂപയുടെ പ്രൈസ്മണി വടക്കേടത്ത് മൈക്കിള്‍ ഫ്രാന്‍സിസ്, മറിയം മൈക്കിള്‍ എന്നിവരുടെ സ്മരണയ്ക്കായി ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് നല്‍കും. എല്ലാദിവസവും പ്രാദേശിക കലാവിരുന്നുകളും മേളയില്‍ ഉണ്ടാകും. ഈ വര്‍ഷം നിര്‍ദ്ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന പദ്ധതിയും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കും. രാത്രി 8 മണിമുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ചെയര്‍മാന്‍ ജോണി അറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ കമ്മന മോഹനന്‍ എന്നിവരടങ്ങിയ 101 അംഗസ്വാഗതം പ്രവര്‍ത്തനം ആരംഭിച്ചു.