ഇന്ന് ലോകഭിന്നശേഷി ദിനം. ഉടുപ്പുകള്‍ തുന്നിയും ചിത്രങ്ങള്‍ക്ക് നിറം നല്‍കിയും വേദനകളെ സന്തോഷമാക്കി മാറ്റുകയാണ് കല്‍പ്പറ്റ സ്‌നേഹസദനത്തിലെ അന്തേവാസിയായ സൈനബ.
അരക്ക്താഴെ തളര്‍ന്ന സൈനബയ്ക്ക് വീല്‍ചെയറില്‍നിന്ന് മാറി ഇരിക്കാനോ കിടക്കാനോ സഹായമില്ലാതെ ഒന്നനങ്ങാനോ കഴിയില്ല.കൈകള്‍ക്കും വൈകല്യങ്ങളുണ്ട്. കുറവുകളെയെല്ലാം വകവെക്കാതെ മുത്ത് മാല, കമ്മല്‍, മഫ്‌ളയര്‍, നെക്ലൈസുകള്‍, മെഴുക് തിരി, കൈചെയിന്‍, ബൊക്ക എന്നിവയെല്ലാം സൈനബയുണ്ടാക്കും. ടി വി യില്‍ നിന്നും മൊബൈലില്‍ നിന്നുമൊക്കെ കണ്ടാണ് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കാന്‍ പഠിച്ചത്. നാലാം ക്ലാസ് തുല്യതാ പരീക്ഷയും എഴുതി ജയിച്ചിട്ടുണ്ട്. കൂട്ടുകാരുമൊത്ത് ഏറ്റവും ഇഷ്ടമായ പെയിന്റിംങ് ചെയ്യുമ്പോള്‍ വേദനകള്‍ മറന്ന് സൈനബ പുതു ലോകത്തെത്തും.
പതിനേഴ് വര്‍ഷം മുമ്പാണ് സൈനബ സ്‌നേഹസദനത്തിലെത്തുന്നത്. എല്ലാ കാര്യങ്ങളും നോക്കുന്നത് സദനത്തിലെ സിസ്റ്റര്‍മാരാണ്. ആവശ്യമായ സാധനങ്ങളെല്ലാം ഇവര്‍ വാങ്ങിക്കൊടുക്കും. അഞ്ച് വര്‍ഷമായി സൈനബ വീല്‍ചെയറില്‍ ഇരുന്ന് തന്നെയാണ് ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. നിരന്തരമായി ഇരിക്കുന്നത് കാരണം പുറംവേദനയാണ്. പരസഹായമില്ലാതെ സഞ്ചരിക്കണം, അതിനായി ആധുനിക സംവിധാനങ്ങളുള്ള വീല്‍ചെയര്‍ വാങ്ങണമെന്നാണ് സൈനബയുടെ ആഗ്രഹം. ആരെങ്കിലും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഉമ്മയും മൂന്ന് സഹോദരിമാരുമാണുള്ളത്. അമ്പലവയല്‍ ആണ്ടൂരാണ് സ്വദേശം