ബത്തേരി സര്‍വ്വജന സ്‌കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്ന് വീഴ്ചയുണ്ടായതായി ആക്ഷേപം.സുരക്ഷിതമല്ലാത്ത ക്ലാസ്മുറിയിലായിരുന്നു പഠനം.കുട്ടിയുടെ കാലില്‍ മുറിവുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും രക്ഷിതാക്കള്‍ പറയുന്നു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണു ഷഹലയുടെ കാലില്‍ ക്ലാസ് മുറിയില്‍ നിന്ന് മുറിവുണ്ടായത്.ക്ലാസ് മുറിയിലുള്ള ഒരു പൊത്തില്‍ നിന്ന് പാമ്പിന്റെ കടിയേറ്റുവെന്ന സംശയത്തെതുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിച്ചു. ആദ്യം ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി. ഈ കാലതാമസമാണ് മരണകാരണമായതെന്നാണു സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറയുന്നത്.സംഭവത്തെതുടര്‍ന്ന് ഇന്ന് സ്‌കൂളിലെത്തിയ നാട്ടുകാരും സ്‌കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായത് സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥക്കിടയാക്കി.
നേരത്തെ കുട്ടികള്‍ പാമ്പിനെ കണ്ടുവെന്ന് അധ്യാപകരെ അറിയിച്ചിരുന്നെങ്കിലും ക്ലാസ് മുറി മാറ്റുവാനുള്ള നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി പൊളിക്കാന്‍ തീരുമാനിച്ച പഴയകെട്ടിടത്തിലാണു കളിച്ചുകൊണ്ടിരിക്കെ ഷഹലക്ക് പാമ്പുകടിയേറ്റത്.ബത്തേരി പുത്തങ്കുന്ന് നൊത്തന്‍ വീട്ടില്‍ അസ്സീസിന്റെയും സജ്‌നയുടേയും മകളായ ഷഹലയുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.