പ്രളയാനന്തരം മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചുദിവസങ്ങളിലായി നടന്നുവന്ന ‘ഹൃദയഹസ്തം’ രണ്ടാംഘട്ട മാനസികാരോഗ്യ ശാക്തീകരണ പരിപാടി പൂര്‍ത്തിയായി. ആദ്യഘട്ടത്തിന്റെ തുടര്‍ച്ചയായി നടന്ന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ ഗ്രാമപ്പഞ്ചായത്തിലെ 22 വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആരോഗ്യകേരളം, കണ്ണൂര്‍ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിങ് എന്നിവയുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചു. വയനാട്ടിലെയും ഹൃദയാരാം കമ്മ്യൂണിറ്റി കോളജിലെയും 43 കൗണ്‍സലര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരു ഘട്ടങ്ങളിലുമായി 215 വീടുകളില്‍ സംഘമെത്തി. 329 കുടുംബങ്ങളിലെ 2,797 പേരെ നേരിട്ട് കണ്ടു. 1010 വ്യക്തിഗത കൗണ്‍സലിങ് നടത്തി. 55 ഗ്രൂപ്പ് കൗണ്‍സലിങിലായി 1787 പേര്‍ക്കാണ് സഹായം നല്‍കിയത്. 445 ദുരിതബാധിതര്‍ക്ക് 445 സൈക്കോ തെറാപ്പി നല്‍കി. ആറ് സ്‌കൂളുകളിലായി നടത്തിയ കൗണ്‍സലിങില്‍ 535 കുട്ടികള്‍ പങ്കെടുത്തു.
ആത്മഹത്യാ പ്രവണത, ഭയം, നിരാശ, സംസാരശേഷി നഷ്ടപ്പെടല്‍, വിക്ക്, ഉറക്കക്കുറവ്, ഉറക്കമില്ലായ്മ, വീടുവിട്ട് പോവണമെന്ന തോന്നല്‍, പാപബോധം, കുറ്റബോധം, ആശങ്ക, രാത്രി അലറിവിളിക്കല്‍, രാത്രി എഴുന്നേറ്റ് നടക്കല്‍, വെള്ളത്തെ ഭയം, മഴയെ ഭയം, വിഷാദം, കുളിക്കാനുള്ള മടി, ഞെട്ടല്‍, വിറയല്‍, ശരീരവേദന, തളര്‍ച്ച, ദേഷ്യം, അമിതമായ നെഞ്ചിടിപ്പ്, ജോലിക്ക് പോവാനുള്ള മടി, നിസ്സഹായത, ഏകാന്തത, മരുന്ന് കഴിക്കാനുള്ള മടി, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ് കൗണ്‍സലിങില്‍ കണ്ടെത്തിയത്. ഇതിനു പരിഹാര നിര്‍ദേശങ്ങള്‍ നല്‍കിയ കൗണ്‍സലര്‍മാര്‍, പ്രശ്നങ്ങളില്‍ നിന്നു കരകയറാനുള്ള മാര്‍ഗങ്ങളും ഉപദേശിച്ചു. ചെമ്പോത്തറ, ചൂരല്‍മല, നെല്ലിമുണ്ട, കാപ്പംകൊല്ലി, കുന്ദമംഗലംവയല്‍, മേപ്പാടി, കാശ്മീര്‍ പാടി, ആനപ്പാറ, കോട്ടക്കടവ്, നെടുമ്പാല, മുണ്ടക്കൈ, പാടിക്കല്‍, തൃക്കൈപ്പറ്റ, കെ.കെ ജങ്ഷന്‍, വാഴക്കകണ്ടി, ഏഴാംചിറ, ഇറയന്‍കുന്ന്, പൂത്തക്കൊല്ലി, വെള്ളരിമല, മേലെ നെല്ലിമുണ്ട, ചുളിക്ക, ചെമ്പ്ര, എരുമക്കൊല്ലി, താഞ്ഞിലോട്, നീലിക്കാപ്പ്, കുന്നമ്പറ്റ, കോട്ടവയല്‍, പച്ചക്കാട്, കോട്ടക്കടവ് എന്നിവിടങ്ങളിലാണ് കൗണ്‍സലിങ് സംഘം സന്ദര്‍ശനം നടത്തിയത്.
സമാപനദിവസമായ ഇന്നലെ മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന അതിജീവന സ്നേഹസംഗമത്തില്‍ കൗണ്‍സലര്‍മാര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വൈസ് പ്രസിഡന്റ് ഷൈജ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, മേപ്പാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിദ്, ആശാ കോഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, കണ്ണൂര്‍ ഹൃദയാരാം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍, ഹൃദയാരാം ടീം ലീഡര്‍ ഗഫൂര്‍, കോഓഡിനേറ്റര്‍ റിനീഷ്, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.