ദേശീയപാത അടക്കരുത്, ജനങ്ങള്‍ തെരുവിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി എന്‍എച്ച്766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരത്തിലാണ് പ്രതിഷേധം അലയടിച്ചത്. പ്രശ്നം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ നാളെ എത്തിക്കുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് ബിജെപി ദേശീയനിര്‍വ്വാഹ സമതിയംഗം പി കെ കൃഷ്ണദാസ്.
ദേശീയാപത 766ലെ രാത്രി യാത്രാനിരോധനം നീക്കുക, പകല്‍കൂടി റോഡ് അടക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബത്തേരിയില്‍ ബഹുജനങ്ങള്‍ ഉപവസിച്ചത്. എന്‍എച്ച് 766 ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ബഹുജന ഉപവാസം. രാവിലെ 10.30യോടെ ആരംഭിച്ച പ്രതിഷേധ പരിപാടിയിലേക്ക് ആയിരക്കണക്കിന് ആളുകളാണ് പിന്തുണഅര്‍പ്പിച്ച് എത്തിയത്. ജനങ്ങളുടെ ബാഹുല്യത്തെ തുടര്‍ന്ന് ബത്തേരി പ്രതിഷേധം പരിപാടി നടന്ന സ്വതന്ത്രമൈതാനി വഴിയുള്ള ഗതാഗതവും നിലച്ചു. മറ്റ് വഴികളിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടത്. സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം പി കെ. കൃഷ്ണദാസ് ഗതാഗതം നിരോധനം വയനാടിനെ അന്ധകാരത്തിലാക്കുമെന്നും സമരത്തിന് പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അറിയിച്ചു. ഇതിനുപുറമെ നാളെ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്ക്കറെയും, നിധിന്‍ ഗഡ്ഗരിയെയും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും ഉറപ്പുനല്‍കി. ആക്ഷന്‍കമ്മറ്റി ചെയര്‍മാന്‍ ഐ. സി ബാലകൃഷ്ണന്‍ എം. എല്‍. എ അധ്യക്ഷനായിരുന്നു. സി. കെ. ശശീന്ദ്രന്‍ എം എല്‍.എ, പി. ഗഗാറിന്‍, കെ. എല്‍ പൗലോസ്, സജി ശങ്കര്‍, വിജയന്‍ ചെറുകര, ടി. മുഹമ്മദ്, കെ. ജെ. ദേവസ്യ, കെ. കെ. വാസുദേവന്‍, സുരേഷ് താളൂര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക- സാമുദായിക മത നേതാക്കളും ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചു.