ദുരന്തനിവാരണം:ജില്ലക്കായി ഒരുങ്ങുന്നത് 4000 രക്ഷാകരങ്ങള്‍

0

ദുരന്ത മുഖങ്ങള്‍ക്ക് മുമ്പില്‍ ഇനി ജില്ലയ്ക്ക് പകച്ച് നില്‍ക്കേണ്ടി വരില്ല. ഏതൊരു വെല്ലുവിളികളും ഏറ്റെടുക്കാന്‍ പ്രാപ്തമായ 4000 പേര്‍ അടങ്ങുന്ന ദുരന്ത നിവാരണ സേനയെ ഒരുക്കുന്നതിനുളള പ്രവര്‍ത്തനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. സേവന സന്നദ്ധരായ യുവാക്കളടക്കമുളള ആളുകളെ അണിനിരത്തിയാണ് സേനയുടെ രൂപീകരണം. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ സേനയാണ് ജില്ലയിലേത്. അഞ്ഞൂറോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. താല്‍പര്യമുളളവര്‍ക്ക് ജില്ലാ പഞ്ചായത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് സേനയില്‍ അംഗമാകാം.ദുരന്ത നിവാരണ സേനയില്‍ അംഗങ്ങളായവര്‍ക്ക് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ പ്രത്യേകം പരിശീലനം നല്‍കുക. രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്ത് ഫയര്‍ഫോഴ്സിന് നല്‍കും. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജൈവവൈവിധ്യം മാനേജ്മെന്റ് കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്ന നൂതന പദ്ധതിയില്‍പ്പെടുത്തിയാണ് സേനയുടെ രൂപീകരണം. ഇതിനായി 25 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ പ്രഥമ പ്രതിനിധി യോഗം കളക്ട്രേറ്റ് പഴശ്ശി ഹാളില്‍ ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സെപ്തംബര്‍ 15 മുതല്‍ ലീഡര്‍ഷിപ്പ് ട്രെയിനിംഗ് നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി. തുടര്‍ന്ന് വൊളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!