ബേഗൂര്‍-തിരുനെല്ലി റോഡ് സംരക്ഷണ ഭിത്തി നിര്‍മാണം; സംയുക്ത പരിശോധന നടത്തും

0

ബേഗൂര്‍-തിരുനെല്ലി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും (നോര്‍ത്ത് വയനാട്) സെപ്റ്റംബര്‍ 2ന് 11 മണിക്ക് സംയുക്ത സ്ഥല പരിശോധന നടത്തും. ജില്ലാ കളക്ടറേറ്റ് എ.പി.ജെ. അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറാണ് സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. ആറുമീറ്റര്‍ അകലത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് വനഭൂമി ഉപയോഗപ്പെടുത്തണം. ബേഗൂര്‍- തിരുനെല്ലി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനും രണ്ട് മരങ്ങള്‍ മുറിക്കുന്നതിനും ഫോറസ്റ്റ് മിനി സര്‍വ്വേ ടീം പരിശോധന നടത്തിയെങ്കിലും റിപ്പോര്‍ട്ടോ സ്‌കെച്ചോ ലഭ്യമാക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പനമരം ഗ്രാമ പഞ്ചായത്തിലെ കുട്ടിയോന്‍ വയല്‍ ജലസേചന പദ്ധതി, ആലത്തൂര്‍ ജലസേചന പദ്ധതി എന്നിവയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒ.ആര്‍ കേളു എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ധനകാര്യ വകുപ്പിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ.ഡി.സി ജനറല്‍ അറിയിച്ചു. അമ്പലവയല്‍ വില്ലേജിലെ റീ സര്‍വ്വേ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാരാപ്പുഴ ഇറിഗേഷന്‍ പ്രോജക്ടിനു സമീപം നടന്നതായി പറയുന്ന കയ്യേറ്റത്തില്‍ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് 2 പേരെ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് സൈക്കാട്രിസ്റ്റിന്റെ മേല്‍ നോട്ടത്തില്‍ നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലയില്‍ പ്രളയത്തില്‍ നാശം വന്ന 10 അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളാക്കി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകരം ലഭിച്ചതായി ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. പൂക്കോട് എംആര്‍എസ് സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തികളെ സംബന്ധിച്ച് ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്നും രണ്ടു മാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും ഐറ്റിഡിപി പ്രൊജക്ട് ഓഫീസറും വികസന സമിതി യോഗത്തെ അറിയിച്ചു.
റോഡുകളിലെ അപകട സാധ്യതയുള്ള മേഖലകളില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് അധികാരികളോട് യോഗം നിര്‍ദ്ദേശിച്ചു. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ അസംഷന്‍ ജംഗ്ഷന്‍ തുടങ്ങുന്ന ഭാഗത്ത് ദേശീയ പാതയിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. വികസന സമിതി യോഗങ്ങളില്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കളക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
പുത്തുമല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എര്‍പ്പെട്ട എല്ലാവരേയും യോഗത്തില്‍ അഭിനന്ദിച്ചു. പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരെ യോഗം അനുസ്മരിച്ചു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സുല്‍ത്താന്‍ ബത്തേരി കാവേരി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ശ്രീനിവാസനെ കളക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!