പ്രളയം;അടിയന്തര ധനസഹായം വൈകില്ല :മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ധനസഹായ വിതരണത്തിനായി ജില്ലയില്‍ നിന്നും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേക്ക് നല്‍കുന്ന ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 7 ന് മന്ത്രിയുടെ നേതൃത്വത്തില്‍ താലൂക്കടിസ്ഥാനത്തില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും.സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം അടിയന്തര ധനസഹായം ലഭിക്കുന്നതിന് അര്‍ഹരായവരുടെ വിവരങ്ങള്‍ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ സമര്‍പ്പിച്ചതായി ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പതിനായിരം രൂപ ധനസഹായത്തിന് ഇവരെയാണ് പരിഗണിക്കുക. വെള്ളം കയറിയ വീടുകളില്‍ വസിച്ചിരുന്ന കുടുംബങ്ങള്‍, പ്രകൃതിക്ഷോഭത്തില്‍ ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ച്ച നേരിട്ട വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍, ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീട് വിട്ട് സര്‍ക്കാര്‍ അംഗീകൃത ക്യാമ്പുകള്‍, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറി താമസിച്ചവര്‍, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത അതിഥി തൊഴിലാളികള്‍ തുടങ്ങിയവരെയാണ് ദുരിതബാധിതര്‍ എന്ന നിര്‍വ്വചനത്തില്‍ പ്പെടുത്തിയിരിക്കുന്നത്. ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കും അര്‍ഹതയുണ്ട്. നിലവില്‍ ഏഴ് ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 98 കുടുംബങ്ങളിലായി 293 പേര്‍ ഇവിടെ കഴിയുന്നുണ്ട്.

പരിശോധനക്കായി 96 ടീമുകള്‍
പ്രകൃതിക്ഷോഭത്തില്‍ വീടുകള്‍ക്ക് തകരാര്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നതിന് നാശനഷ്ട കണക്ക് തിട്ടപ്പെടുത്താനുളള ഫീല്‍ഡ്തല പരിശോധനക്കായി 96 ടീമുകളെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍,സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍, ഐ.ടി വളണ്ടിയര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഇവര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കി. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ തയ്യാറാക്കുന്ന വിവരശേഖരണ മൊബൈല്‍ ആപ്പ് ലഭ്യമായാല്‍ ഫീല്‍ഡ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് ശതമാനത്തിന് മുകളില്‍ നാശനഷ്ടം നേരിട്ട വീടുകളില്‍ തഹസില്‍ദാര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധന നടത്തും. ദുരിതബാധിതന്റെ ബാങ്ക് അക്കൗണ്ടുുകളിലേക്ക് നേരിട്ടാണ് പണം കൈമാറുക. പൂര്‍ണ്ണമായി തകര്‍ന്നതോ,വാസയോഗ്യമല്ലാത്തതുമായ വീടുകള്‍ക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപയും ലഭിക്കും.

ശാസ്ത്രീയ പഠനം നടത്തും

പുനരധിവാസത്തിന് ഭൂമി കണ്ടെത്തുമ്പോള്‍ വിദഗധരുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പഠനം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ദുരന്തമേഖലയാണെന്ന് കണ്ടെത്തുന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കരുത്. വലിയതരത്തിലുളള പ്രകൃതിക്ഷോഭങ്ങളെ പോലും അതിജീവിക്കുന്നതരത്തിലുളള രീതികള്‍ ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളില്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസാധ്യത പ്രദേശങ്ങളില്‍ നിന്നും മുന്‍ഗണന അനുസരിച്ച് ആളുകളെ ഘട്ടം ഘട്ടമായി മാറ്റി പാര്‍പ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി നല്‍കുന്ന ഫണ്ടിന്റെ വിനിയോഗത്തില്‍ പ്രത്യേകം മോണിറ്ററിംഗ് ആവശ്യമാണെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു.

ആശ്രിതര്‍ക്ക് 48 ലക്ഷം രൂപ വിതരണം ചെയ്തു

പ്രകൃതിക്ഷോഭത്തില്‍ മരണമടഞ്ഞവരില്‍ 12 പേരുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ വീതം 48 ലക്ഷം രൂപ വിതരണം ചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റുളളവരുടെ കാര്യത്തില്‍ ആവശ്യമായ രേഖകള്‍ ലഭ്യമാക്കി ധനസഹായം നല്‍കുന്നതിനുളള നടപടികളും സ്വീകരിച്ച് വരുന്നുണ്ട്. ജില്ലയില്‍ 19 പേരാണ് മരണപ്പെട്ടതായി കണക്കാക്കിയിരിക്കുന്നത്.പുത്തുമലയില്‍ കാണാതായ അഞ്ച് പേരെ ഇതുവരെ കണ്ടെ ത്താന്‍ സാധിച്ചിട്ടില്ല.
യോഗത്തില്‍ എ.ഡി.എം കെ.ആജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!
06:44