ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം;കാണാതായവരെ തേടി അനേകം കരങ്ങള്‍

0

പുത്തുമല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടത്തിവന്ന 18 ദിവസം നീണ്ടുനിന്ന തിരച്ചില്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ജില്ല സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടന്നത്. കാണാതായവരെ കണ്ടെത്താന്‍ സര്‍വ്വ സന്നാഹങ്ങളും ഇവിടെ എത്തിച്ചു. ദുഷ്‌കരമായ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് ഉറ്റര്‍ക്കായി നാട് മുഴുവന്‍ ഉറക്കമില്ലാതെ തിരച്ചിലില്‍ വ്യാപൃതരായത്. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ശാസ്ത്രീയ രീതികളും അവലംബിച്ച് മുഴുവന്‍ പേരെയും കണ്ടെത്താന്‍ നടത്തിയ പരിശ്രമമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നത്.
ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തില്‍ പുത്തുമല ദൗത്യം തുടങ്ങിയത്. വൈകിട്ട് അഞ്ചിന് പുത്തുമല പച്ചക്കാട് മേഖലയില്‍ ഉരുള്‍പൊട്ടി അപകടത്തില്‍പ്പെട്ടത് 17 പേരായിരുന്നു. പൊലീസ്, റവന്യൂ, പഞ്ചായത്ത്, എച്ച്എംഎല്‍ അധികൃതര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് നിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്.ഇതില്‍ 12 പേരുടെ മൃതദേഹം വിവിധ ദിവസങ്ങളില്‍ നിന്നായി കണ്ടെടുത്തു. തിരിച്ചറിയാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ണൂരിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സസ് ലബോറട്ടറിയിലേക്ക് അയച്ചു. ഇതില്‍ പുരുഷന്റെ മൃതദേഹം ഗൗരിശങ്കറിന്റേതാണെന്ന് ഡിഎന്‍എ ഫലം വന്നു. അവശേഷിക്കുന്ന അഞ്ചുപേര്‍ക്കുവേണ്ടിയായിരുന്നു തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നത്. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ഷൈലജ ടീച്ചര്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സി.കെ ശശീന്ദ്രന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വൈത്തിരി തഹസില്‍ദാര്‍ ടി.പി. അബ്ദുള്‍ ഹാരിസ്, ആരോഗ്യകേരളം ഡിപിഎം ഡോ. ബി.അഭിലാഷ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. സിബി വര്‍ഗീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് കുമാര്‍ എന്നിവര്‍ ആദ്യാവസാനം രക്ഷാപ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!