ജില്ലയില്‍ 9,081 കുടുംബങ്ങള്‍ക്ക് ആശ്രയമായി ലൈഫ്

0

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതിയായ ലൈഫ് മിഷന്‍ വയനാട് ജില്ലയില്‍ 9,081 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 8060 വീടുകളും രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 863 വീടുകളും റിബില്‍ഡ് കേരളയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ 158 വീടുകളും ഉള്‍പ്പെടെയാണിത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത 91 ശതമാനം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. അവശേഷിക്കുന്ന 800 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. 2019 മാര്‍ച്ചിനുശേഷം തുടങ്ങിയ രണ്ടാംഘട്ടത്തില്‍ അര്‍ഹരെന്നു കണ്ടെത്തി എഗ്രിമെന്റ് വച്ച 3855 ഗുണഭോക്താക്കളില്‍ 863 പേര്‍ക്കുളള വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തില്‍ വര്‍ഷങ്ങളായി വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടും പൂര്‍ത്തികരിക്കാതെപോയ ഭവനങ്ങളെയും രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരെയുമാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ അര്‍ഹരായ 8861 ഗുണഭോക്താകെയാണ് കണ്ടെത്തിയത്. ഇതില്‍ 8060 വീടുകളുടെ നിര്‍മ്മാണവും മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. ഈ ഗുണഭോക്താക്കളില്‍ 6430 കുടുംബങ്ങളും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 5770 വീടുകളുടെ നിര്‍മ്മാണവും മിഷന്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടത്തില്‍ എഗ്രിമെന്റ് വച്ച 484 ആദിവാസി ഗുണഭോക്താക്കളില്‍ 54 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 420 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആദിവാസി വിഭാഗത്തിന് ആറു ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍ നാലു ലക്ഷം രൂപയുമാണ് വകയിരുത്തിയത്. മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരെയും നാലാംഘട്ടത്തില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണവുമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ നിന്നും സര്‍വ്വേയിലൂടെ 7655 ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റോടു കൂടി ഗുണഭോക്താക്കളുടെ പട്ടിക സൂക്ഷ്മ പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ പൂതാടി പഞ്ചായത്ത് ചെറുകുന്നില്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി വീടു വച്ചുനല്കാന്‍ 60 സെന്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റു തദ്ദേശ സ്ഥാപനങ്ങളും മൂന്നാംഘട്ടത്തിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!