21- വരെ മക്കിയാട് ഹോളി ഫെയ്സ് സ്കൂളിലാണ് കലോത്സവം
മാനന്തവാടി: വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ കലോത്സവം 19 മുതൽ 21 വരെ മക്കിയാട് ഹോളി ഫെയ്സ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും. കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.വയനാട് ജില്ലാ സി.ബി.എസ്.ഇ.സ്കൂൾ മാനേജ്മെൻറ് അസോസിയേഷന്റെയും വയനാട് സഹോദയയുടെയും സംയുക്താഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിച്ചിട്ടുള്ളത് –
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ മക്കിയാട് സെന്റ് ജോസഫ്സ് ആശ്രമം മേധാവി ഫാ: അൻസേം പള്ളിത്താഴത്ത് ഉദ്ഘാടനം നിർവ്വഹിക്കും. സിനിമാ നടൻ പ്രേം കുമാർ മുഖ്യാതിഥിയായിരിക്കും. സി.ബി.എസ്.ഇ.മാനേജ്മെന്റ് അസോസിയേഷൻ ജില്ലാപ്രസിഡണ്ട് വി.ജി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സ്റ്റേജിതര മത്സരങ്ങൾ കഴിഞ്ഞാഴ്ച മാനന്തവാടി ഹിൽ ബ്ലൂംസ് സ്കൂളിൽ നടന്നിരുന്നു. പത്ത് മണി മുതൽ സ്റ്റേജിനങ്ങൾ ആരംഭിക്കും. മൈക്കൾ ആഞ്ചലോ, റ്റിസിയാനോ, റാഫേൽ ,ലിയനാർഡോ ഡാവിഞ്ചി,, കാരാവാഗ്ഗിയോ എന്നീ അഞ്ച് വേദികളിലായാണ് മത്സരങ്ങൾ.
തിരുവാതിരക്കളി, മോഹിനിയാട്ടം, നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, ലളിതഗാനം, തബല, മൃദംഗം, ഗിത്താർ, ഫ്ലൂട്ട്, വയലിൻ, കുച്ചുപ്പുടി, ഓട്ടൻതുള്ളൽ, ഗ്രൂപ്പ് ഡാൻസ്, കോൽക്കളി ദഫ് മുട്ട്, ഒപ്പന, ദേശഭക്തി ഗാനം, മൈം ,മാർഗ്ഗംകളി, പാശ്ചാത്യ സംഗീതം, ബാൻഡ് എന്നീ 75 ഇനങ്ങളിലാണ് മത്സരങ്ങൾ. വിദ്യാർത്ഥികളെ നാല് വിഭാഗക്കളായി തിരിച്ചായിരിക്കും മത്സരിപ്പിക്കുക. ,ജില്ലയിലെ 27 സ്കൂളുകളിൽ നിന്നായി 2500 വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.
21-ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും.. ഒ.ആർ.കേളു എം.എൽ.എ., തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു, വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ തുടങ്ങിയവർ സംബന്ധിക്കും. മൈലാഞ്ചി ഫെയിം ഉണ്ണിമായ വിശിഷ്ടാതിഥിയായിരിക്കും. ഫാ: അൻസേം പള്ളിത്താഴത്ത് അധ്യക്ഷത വഹിക്കും.