ക്ഷേമനിധി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

0

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ജനുവരിയോടെ വയനാട് ജില്ലയില്‍ ക്ഷേമനിധി ഓഫീസ് തുറക്കാനും തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ട്രേഡ് യൂണിയന്‍-തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

നിലവില്‍ സ്ത്രീ തൊഴിലാളികള്‍ക്കും മക്കള്‍ക്കും 15000 രൂപ പ്രസവാനുകൂല്യം നല്‍കുന്നത്. ഇനി മുതല്‍ ഭര്‍ത്താക്കന്‍മാര്‍ക്കും 7500 രൂപ ആനുകൂല്യം അനുവദിക്കും. വിവാഹ സഹായമായി സ്ത്രീ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന 5000 രൂപ 7500 രൂപയായി ഉയര്‍ത്തുകയും പുരുഷന്‍മാരെകൂടി ഉള്‍പ്പെടുത്തുകയും ചെയ്യും. ചുരുങ്ങിയത് 10 വര്‍ഷം സര്‍വീസുള്ള 60 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 1100 രൂപ പെന്‍ഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാറിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുയാണ്. 10 വര്‍ഷത്തിനു മുകളിലുള്ള ഓരോ അധിക വര്‍ഷത്തിനും 50 രൂപ അധികമായി പെന്‍ഷന്‍ ലഭിക്കും. ക്ഷേമനിധി ആക്റ്റില്‍ 15 വര്‍ഷം ക്ഷേമനിധിയില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമെ കുടുംബ പെന്‍ഷന്‍ അര്‍ഹതയുണ്ടായിരുന്നുള്ളു. ഇത് അഞ്ച് വര്‍ഷമായി ചുരുക്കും.


ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് വൃക്ക, കരള്‍, കാന്‍സര്‍ ചികിത്സക്ക് പരമാവധി 20000 രൂപ വരെ ധന സഹായം ലഭിക്കും. പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യാസത്തിന് 750 രൂപ മുതല്‍ 12000 രൂപ വരെ പ്രതിവര്‍ഷ പഠന സഹായം നല്‍കും.
2007-ല്‍ തുടങ്ങിയ ക്ഷേമനിധിയില്‍ നിലവില്‍ പത്തര ലക്ഷത്തോളം തൊഴിലാളികളും ഒന്നര ലക്ഷം സ്ഥാപനങ്ങളും മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലേബര്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ബോര്‍ഡിന് കീഴിലുള്ള 28 തരം തൊഴില്‍ മേഖലകളിലായി 34 ലക്ഷത്തോളം തൊഴിലാളികളും മൂന്നര ലക്ഷത്തോളം സ്ഥാപനങ്ങളുമുണ്ട്. വയനാട് ജില്ലയില്‍ 11118 സ്ഥാപനങ്ങളും 18095 തൊഴിലാളികളും ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ക്ഷേമനിധിയില്‍ അംഗത്വമെടുത്തത് 1712 സ്ഥാപനങ്ങളും 7669 തൊഴിലാളികളും മാത്രമാണ്. സംസ്ഥാനത്താകെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളില്‍ അധികം പേരും ലേബര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരായതിനാല്‍ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം ഇതിലും കൂടുതലായിരിക്കും. തൊഴിലാളികള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങളോട് മാനേജ്‌മെന്റുകള്‍ നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ പാടില്ല. നിലവില്‍ തൊഴിലാളികള്‍ 20 രൂപയും മാനേജ്‌മെന്റ് 20 രൂപയും സര്‍ക്കാര്‍ 5 രൂപയുമാണ് ക്ഷേമനിധിയിലേക്ക് അംശദായം നല്‍കുന്നത്. 20 രൂപയ്ക്ക് പകരം ഇരു വിഭാഗവും 50 രൂപ നല്‍കാന്‍ 2015-ല്‍ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇക്കാര്യം ബോര്‍ഡിന്റെ പരിശോധിക്കും.

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ കെ.അനന്തഗോപന്‍ അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ടി.കെ.ലോഹിതാക്ഷന്‍, ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീനാമോള്‍ വര്‍ഗ്ഗീസ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.ബീന തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!