മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി-പൂതാടി വരള്‍ച്ചാ ലഘൂകരണ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പുവര്‍ഷം വകയിരുത്തിയത് 6,98,00,000 രൂപ. ഇതില്‍ 5,82,22,500 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപയും മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 13 ലക്ഷവും പൂതാടി ഗ്രാമപഞ്ചായത്തിന്റെ 8,77,500 രൂപയും പദ്ധതി നടത്തിപ്പിന് വിനിയോഗിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫിസാണ് നിര്‍വഹണ ഏജന്‍സി.
കബനി നദിയിലേക്ക് നേരിട്ട് ഒഴുകിയെത്തുന്ന മാണിക്കാട് പുഴ, കടമാന്‍ തോട്, മുദ്ദള്ളിത്തോട് എന്നിവടങ്ങളിലേക്ക് വെള്ളം ഒഴുകുന്ന സ്ഥലങ്ങളും കന്നാരംപുഴയിലേക്ക് നീരൊഴുക്കുള്ള പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ സ്ഥലങ്ങളും ഉള്‍പ്പെടെ 15220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതി പ്രദേശം. മുളളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ മുഴുവനായും പൂതാടി പഞ്ചായത്തിലെ 3, 4, 5, 6 എന്നീ വാര്‍ഡുകളും പദ്ധതിയില്‍ ഉള്‍പ്പെടും. കൊളവള്ളി, കടമാന്‍തോട്, പന്നിക്കല്‍-പാക്കം എന്നീ മൂന്ന് ഉപനീര്‍ത്തടളും ഇവയെ 11 സൂക്ഷ്മ നീര്‍ത്തടങ്ങളായും ശാസ്ത്രീയമായി അതിര്‍ത്തി തിരിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചുവടെ:
*കിണര്‍ റീച്ചാര്‍ജിംഗ്
മേല്‍കൂരയില്‍ വീഴുന്ന മഴവെളളം പാത്തി ഉപയോഗിച്ച് ഫില്‍റ്റര്‍ സംവിധാനമുള്ള ടാങ്കില്‍ ശേഖരിച്ച് കിണറിലേക്ക് ഒഴുക്കി വിടും. ഇതുവഴി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിയും. യൂണിറ്റ് ഒന്നിന് 8000 രൂപ അനുവദിച്ചതില്‍ 10 ശതമാനം ഗുണഭോക്തൃ വിഹിതവും 25 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 65 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്. ഈ വര്‍ഷം 1000 കിണറുകളാണ് റീചാര്‍ജ് ചെയ്യുന്നത്.
*ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കല്‍
പദ്ധതി പ്രദേശത്തുള്ള ചൂടുകാറ്റിനെ പ്രതിരോധിക്കാന്‍ ശാശ്വത പരിഹാരമായി 10000 നാടന്‍ ഇനത്തില്‍പെട്ട രണ്ടു വര്‍ഷം പ്രായമായ വൃക്ഷതൈകള്‍ മൂന്നു വരികളിലായി വച്ചുപിടിപ്പിക്കും. കബനീ തീരത്തുള്ള അയല്‍കൂട്ടങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍, യുവജനക്ലബുകള്‍, സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ നട്ടുപിടിപ്പിക്കുന്ന ഗ്രീന്‍ ബെല്‍റ്റ് മൂന്നു വര്‍ഷം തുടര്‍ പരിപാലനം നടത്തും. വൃക്ഷതൈയുടെ വില, കടത്തുകൂലി, കുഴിയെടുക്കല്‍, തൈനടല്‍ എന്നിവയ്ക്കായി ഒരു തൈയ്ക്ക് 70.65 രൂപ നല്‍കും. വകുപ്പുമായി ഏര്‍പ്പെടുന്ന ഉടമ്പടി, വര്‍ഷാവസാനം മോണിറ്ററിംഗ് കമ്മറ്റി നടത്തുന്ന പരിശോധന, വിലയിരുത്തല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരോഗ്യത്തോടെ നില്‍ക്കുന്ന തൈ ഒന്നിന് 50 രൂപ നിരക്കില്‍ പരിപാലന തുക പരിപാലിച്ച ഗ്രൂപ്പുകാര്‍ക്ക് നല്‍കും. പനമരം ബ്ലോക്ക് പഞ്ചായത്ത് ഈ ഇനത്തില്‍ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
*കൃഷി ഭൂമിയില്‍ സാമൂഹ്യ വ്യക്ഷവല്‍ക്കരണം
തദ്ദേശീയ ഇനത്തില്‍പ്പെടുന്ന ഒരു ലക്ഷം വൃക്ഷ തൈകള്‍ നട്ടുപരിപാലിച്ച് വൃക്ഷവല്‍ക്കരണം നടപ്പിലാക്കും. വനംവകുപ്പില്‍ നിന്നു ലഭിക്കുന്ന ഒരു വര്‍ഷം പ്രായമായ കൂടതൈകളും അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നോ സര്‍ക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ വില കൊടുത്തു വാങ്ങുന്ന തൈകളും വൃക്ഷവല്‍കരണത്തിന് ഉപയോഗിക്കും. നട്ടുപിടിപ്പിക്കുന്നതിനും മറ്റും വനംവകുപ്പില്‍ നിന്നു ലഭിക്കുന്ന തൈകള്‍ക്ക് 9.81 രൂപയും വില കൊടുത്ത വാങ്ങുന്ന തെകള്‍ക്ക് 27.83 രൂപയും അനുവദിക്കും.
*ഓട വച്ചുപിടിപ്പിക്കല്‍
നീര്‍ച്ചാലുകളില്‍ 80 കിലോ മീറ്റര്‍ ദൂരത്തില്‍ ഓട നട്ടുപിടിപ്പിക്കും. തൈയുടെ വില, കടത്തു കൂലി, നടീല്‍ ചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഒരു തൈയ്ക്ക് 29.83 രൂപ നല്‍കും. അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതമാണ്. പ്രതിവര്‍ഷം തൈ ഒന്നിന് 10 രൂപ നിരക്കില്‍ 2 വര്‍ഷം പരിപാലന തുകയും വകയിരുത്തിയിട്ടുണ്ട്.
*കാവുകള്‍ സ്ഥാപിക്കല്‍
ഈ വര്‍ഷം 120 കാവുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതിയുള്ളത്. 10 സെന്റ് സ്ഥലം ഒരു യൂണിറ്റായി തിരിച്ച് ചുറ്റും ജൈവ വേലിയാല്‍ സംരക്ഷിച്ച് 40 തരം നാടന്‍ ഇനത്തില്‍പെട്ട കാവുകള്‍ക്കനുയോജ്യമായ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും മൂന്നു വര്‍ഷം പരിപാലിക്കുകയും ചെയ്യും. സ്‌കൂളുകള്‍, ദേവാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവരുടെ കൈവശ ഭൂമിയിലും സ്വകാര്യ ഭൂമിയിലും പദ്ധതി ഏറ്റെടുക്കാം. നട്ടുപരിപാലിക്കുന്ന വൃക്ഷങ്ങള്‍ 25 വര്‍ഷത്തേക്ക് മുറിച്ചു മാറ്റില്ലെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ യൂണിറ്റ് ഒന്നിന് 10000 രൂപയും പരിപാലനത്തിനായി 3 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 5000 രൂപയും നല്‍കും.
*റോഡ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ്
അനുയോജ്യമായ കൃഷിയിടങ്ങളില്‍ റോഡിലൂടെ ഒഴുകുന്ന ജലം ശേഖരിക്കുന്നതിന് 1000 റോഡ് വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് കുഴികള്‍ നിര്‍മ്മിക്കും. കുഴി ഒന്നിന് 2770 രൂപ വീതം അനുവദിച്ചിട്ടുണ്ട്. 10 ശതമാനം ഗുണഭോക്ത്യ വിഹിതവും 90 ശതമാനം സര്‍ക്കാര്‍ വിഹിതവുമാണ്.
*ആവരണവിളക്യഷി പ്രോത്സാഹനം
മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ സൂക്ഷ്മ മൂലകങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും 100 ഹെക്ടറില്‍ ആവരണവിളകൃഷി ചെയ്യുന്നതിന് ഹെക്ടര്‍ ഒന്നിന് 6183 രൂപി വീതം ലഭ്യമാക്കും.
*തീറ്റപ്പുല്‍ കൃഷി
ക്ഷീരമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് 200 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് ഹെക്ടര്‍ ഒന്നിന് 20000 രൂപ നിരക്കില്‍ സബ്സിഡി നല്‍കും.
*ജൈവ വള നിര്‍മാണ യൂണിറ്റ്
എം.എസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ മൂന്നു കേന്ദ്രയുണിറ്റുകളും 15 ഉപയൂണിറ്റുകളും സ്ഥാപിച്ച് ജൈവ വള നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കും.
*വനത്തിനകത്തുള്ള തടയണ നിര്‍മ്മാണം
വനത്തില്‍ നിന്നും ഒഴുകിവരുന്ന വെള്ളത്തിന്റെ വേഗത ക്രമപ്പെടുത്തുന്നതിനായി ജൈവ തടയണകള്‍ നിര്‍മ്മിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ വനസംരക്ഷണ സമിതികള്‍ മുഖേന പ്രവൃത്തികള്‍ നടപ്പിലാക്കും.
*പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണം
പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണത്തിനായി പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. കല്ലുവയല്‍ താഴെ, കദുവാക്കുന്ന്, പീതാല്‍, മരകാവ്, പാമ്പ്ര തുടങ്ങിയ പുനരുജ്ജീവിപ്പിക്കേണ്ട സ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കും.
*ചകിരി നിറച്ച കംബോസ്റ്റ് കുഴികള്‍
മണ്ണില്‍ ജലാംശം പിടിച്ചു നിര്‍ത്തുന്നതിനായി കര്‍ഷകരുടെ പുരയിടങ്ങളില്‍ ചകിരി കംബോസ്റ്റ് കുഴികള്‍ നിര്‍മിക്കും. ഒന്നര മീറ്റര്‍ നീളവും 60 സെന്റീമിറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള കുഴികളില്‍ 60 ശതമാനം ചകിരി നിറയ്ക്കാം. ഒരേക്കറില്‍ പരമാവധി 40 കുഴികള്‍ വരെ എടുക്കാം.
*കോണ്ടര്‍ ഡൈക്ക്
കിണറുകളിലേയും ജലാശയങ്ങളിലേയും ജലത്തിന്റെ വിതാനം നോക്കികൊണ്ട് ചരിവിന് കുറുകെ ട്രഞ്ചുകള്‍ എടുത്ത് ജല വാര്‍ച്ച പ്രതിരോധിക്കുന്ന ഷീറ്റ് ഇറക്കി മണ്ണിട്ടുമൂടുന്ന പ്രവര്‍ത്തനമാണ് കോണ്ടര്‍ ഡൈക്ക്. 1000 മീറ്റര്‍ നീളത്തില്‍ ഡൈക്കു ചെയ്യാന്‍ അനുമതിയുണ്ട്. കിണറുകള്‍ വറ്റി പോകുന്നതിനെ പ്രതിരോധിക്കുന്ന ഈ പ്രവൃത്തിക്ക് ശരാശരി ഒരു മീറ്റര്‍ നീളത്തിന് 130 രൂപ അനുവദിക്കും.
*ലോഗ് വുഡ് ചെക്ക് ഡാം
ജലസംരക്ഷണത്തിനും വിനിയോഗത്തിനുമായി തോടുകളുടെ ആരംഭ ഭാഗത്ത് ആയിരത്തിലധികം ചെറു തടയണകള്‍ നിര്‍മ്മിക്കും. പ്രാദേശിക തലത്തിലുള്ള സൂക്ഷ്മതല ഉപഭോക്തൃ ഗ്രൂപ്പുകള്‍ക്കാണ് നിര്‍വഹണ ചുമതല.
*തോടുകളുടെ പാര്‍ശ്വ സംരക്ഷണം
കവുങ്ങിന്‍ പട്ടികകള്‍ ഉപയോഗിച്ച് തൈതല്‍ നിര്‍മ്മിച്ച് വശങ്ങള്‍ ബലപ്പെടുത്തുകയും വശങ്ങളില്‍ അനുയോജ്യമായ സസ്യതിരണകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യും. 3000 ചതുരശ്ര മീറ്ററില്‍ പ്രവൃത്തി നടപ്പിലാക്കും. പ്രാദേശികതല സൂക്ഷ്മതല ഉപഭോക്ത്യ സംഘങ്ങള്‍ക്കാണ് നിര്‍വഹണ ചുമതല.
*കോണ്‍ക്രീറ്റ് ചെക്ക് ഡാം
പ്രാദേശിക ജലസേചനത്തിന് ഉതകുന്ന വിധത്തില്‍ 12 കോണ്‍ക്രീറ്റ് ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കും. മണിക്കാട് (കുറിച്ചിപെറ്റ മൈക്രോ വാട്ടര്‍ ഷെഡ്), കന്നാരപുഴ (കാപ്പിസെറ്റ് മൈക്രോ വാട്ടര്‍ ഷെഡ്), മരക്കടവ് ഫെറി (മരക്കടവ് മൈക്രോ വാട്ടര്‍ ഷഡ്), പറുദീസ പാലം (മരക്കടവ് മൈക്രോ വാട്ടര്‍ ഷെഡ്), 73-ാം തോട് (കാപ്പിസെറ്റ് മൈക്രോ വാട്ടര്‍ ഷെഡ്), ഉദയക്കര (മാടല്‍ മൈക്രോ വാട്ടര്‍ ഷെഡ്), കടുവാ കുന്ന് (ആനപ്പാറ മൈക്രോ വാട്ടര്‍ ഷെഡ്), എരത്തോട് വയല്‍ (ആനപ്പാറ മൈക്രോ വാട്ടര്‍ ഷെഡ്), ചൈന്ത (മാടല്‍ മൈക്രോ വാട്ടര്‍ ഷെഡ്), മാനക്ക തോട്ടം (ചെറ്റപ്പാലം മൈക്രോ വാട്ടര്‍ ഷെഡ്), പാറക്കടവ് കോളനി (ചാമപാറ മൈക്രോ വാട്ടര്‍ ഷെഡ്), താഴെ ചെറ്റപ്പാലം (ചെറ്റപ്പാലം മൈക്രോ വാട്ടര്‍ ഷെഡ്) എന്നീ ചെക്ക് ഡാമുകളാണ് നടപ്പിലാക്കുക. ടെണ്ടര്‍ മുഖേനയായിരിക്കും പ്രവൃത്തികള്‍.
*മണ്‍ഡാമുകള്‍
രണ്ടു കുന്നുകളുടെ ഇടയില്‍ വരുന്ന സ്ഥലത്ത് ജലം സംഭരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള എര്‍ത്തന്‍ വാലി ഡാമുകള്‍ നിര്‍മ്മിച്ച് പാടശേഖരങ്ങളില്‍ ജലസേചനം സാധ്യമാക്കാന്‍ ആറു മണ്‍ ഡാമുകള്‍ നിര്‍മിക്കും. ചണ്ണോത്തുകൊല്ലി (ചാമപ്പാറ മൈക്രോ വാട്ടര്‍ ഷെഡ്), കബനി ഗിരി (മരക്കടവ് മൈക്രോ വാട്ടര്‍ ഷെഡ്), ആലത്തൂര്‍ (ചെറ്റപ്പാലം മൈക്രോ വാട്ടര്‍ ഷെഡ്), മാടപ്പറമ്പ് (ആനപ്പാറ മൈക്രോ വാട്ടര്‍ ഷെഡ്), ചണ്ണക്കൊല്ലി (കുറിച്ചിപ്പെറ്റ മൈക്രോ വാട്ടര്‍ ഷെഡ്), വീട്ടിമൂല (മാടല്‍ മൈക്രോ വാട്ടര്‍ ഷെഡ്) എന്നിവയാണ് നിര്‍മിക്കുക.
*മഴമാപനികള്‍ സ്ഥാപിക്കല്‍
പദ്ധതി പ്രദേശങ്ങളില്‍ വ്യത്യസ്ത മേഖലകളിലായി ആറു മഴ മാപിനി യൂണിറ്റുകള്‍ സ്ഥാപിക്കും.