കല്‍പ്പറ്റ: കേരള മണ്‍സൂണ്‍ ടൂറിസത്തെ ലോക പ്രശസ്തമാക്കുന്നതിന് വയനാട്ടില്‍ വര്‍ഷം തോറും നടത്തി വരുന്ന സ്പ്ലാഷ് മഴ മഹോത്സവം സമാപിച്ചു .രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും എത്തിയ അതിഥികള്‍ ഇന്ന് മടങ്ങും.കേരള ടൂറിസം ,വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്പ്ലാഷ് മഴ മഹോത്സവത്തിന്റെ ഒമ്പതാം എഡിഷന്‍ നടത്തിയത്. വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി മഡ് ഫുട്‌ബോള്‍, മഡ് വടംവലി, മഡ് കബഡി ,മഡ് വോളിബോള്‍ തുടങ്ങിയ കായിക മത്സരങ്ങള്‍, സൈക്കിള്‍ റാലി, മാരത്തണ്‍ എന്നിവയും വയനാട് ജീപ്പ് ക്ലബ്ബുമായി ചേര്‍ന്ന് മേപ്പാടി അരപ്പറ്റയില്‍ ഫണ്‍ ഡ്രൈവും നടത്തി. ജൂണ്‍ 29-നാണ് സ്പ്ലാഷ് ആരംഭിച്ചത്.
വൈത്തിരി വില്ലേജില്‍ നടന്ന ബി ടു ബി മീറ്റായിരുന്നു സ്പ്ലാഷിന്റെ ഏറ്റവും പ്രധാന ഇനം. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ,കേരള ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍ ,ഉത്തരവാദിത്വ ടൂറിസം മിഷന്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ തുടങ്ങി ടൂറിസം രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ സ്പ്ലാഷ്. സൗദി അറേബ്യയില്‍ നിന്നുള്ള 16 ബ്ലോഗര്‍മാരും ബയര്‍ വിഭാഗത്തില്‍ 253 സംരംഭകരും സെല്ലര്‍ വിഭാഗത്തില്‍ 106 സംരംഭകരും മഴ മഹോത്സവത്തില്‍ പങ്കെടുത്തു. സഞ്ചാരികളെ കൂടാതെ ടൂര്‍ ഓപ്പറേറ്റര്‍മാരും ടൂറിസം കുര്‍ഗ് ടൂറിസം അസോസിയേഷന്‍ പോലുള്ള സംഘടനകളും സ്പ്ലാഷിനെത്തി.സ്പ്ലാഷ് മഴ മഹോത്സവം ആരംഭിച്ചതിന് ശേഷം വയനാട്ടിലെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രത്യേകമായ ഉണര്‍വ് കൈവന്നിട്ടുണ്ടന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ വാഞ്ചീശ്വരന്‍, ജോസ് കൈനടി ,രവീന്ദ്രന്‍, സി.പി. ശൈലേഷ്, എം.ജെ.സുനില്‍ ,തുടങ്ങിയവര്‍ പറഞ്ഞു. കായിക ഇനങ്ങള്‍ക്ക് പുറമെ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി നടത്തിയ അകം ബാന്‍ഡ് സംഗീത പരിപാടിയും അതിഥികള്‍ക്കുള്ള ഫാം ടൂറും ശ്രദ്ധേയമായി. കേരളത്തിന്റെയും പ്രത്യേകിച്ച് മലബാറിന്റെയും വയനാടിന്റെയും വിനോദ സഞ്ചാര വികസനത്തില്‍ പ്രത്യേക നാഴിക കല്ലായാണ് സ്പ്ലാഷ് 2019 വര്‍ണ്ണാഭമായി സമാപിച്ചു .ഇതിന്റെ ഗുണ ഫലങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും സര്‍ക്കാരും ടൂറിസം മേഖലയിലെ സംരംഭകരും.