രാഹുല്‍ ഗാന്ധി അയച്ച കത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സിബി
രാഹുല്‍ ഗാന്ധി അയച്ച കത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് മാനന്തവാടി ഗ്യാസ് ഏജന്‍സി റോഡില്‍ പാടശ്ശേരി സിബി ജോസും കുടുംബവും. വയനാട് എം.പി. ആയതിന് ശേഷം രാഹുല്‍ ഗാന്ധി മാനന്തവാടിയിലെത്തി നടത്തിയ റോഡ് ഷോയ്ക്കിടെ സിബി സ്വന്തം സഹോദരിയുടെയും മറ്റ് ഭിന്നശേഷിക്കാരുടെയും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് അദ്ദേഹത്തിന് നിവേദനം നല്‍കിയിരുന്നു.ജില്ലയില്‍ പാസ്‌പോര്‍ട്ട് ഓഫീല്ലാത്തതിനാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. രക്ഷിതാക്കള്‍ നഷ്ടപ്പെട്ടാല്‍ ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കാനായി ആരുമുണ്ടാവില്ല. ജില്ലയില്‍ പാസ്‌പോര്‍ട്ട് ഓഫീസും ഭിന്നശേഷിയുള്ളവര്‍ക്ക് പുനരധിവാസ കേന്ദ്രവും തുടങ്ങാന്‍ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സിബി രാഹുല്‍ഗാന്ധിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇത് രണ്ടും യാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് സിബിയും കുടുംബവും. ഭിന്നശേഷി വിഭാഗത്തിലായിരുന്നിട്ടും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിനി സഹോദരന്‍ സിബിയുടെ സഹായത്തോടെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് സിനി വോട്ടു ചെയ്യാന്‍ പോയതും മടങ്ങിയതും. സഹോദരിയ്ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതിന് തടസ്സം നേരിട്ടപ്പോള്‍ സുഹൃത്ത് ജിതിന്‍ ഭാനുവിന്റെ സഹായത്തോടെ പ്രധാനമന്ത്രി പരാതി പരിഹാരസെല്ലുമായി ബന്ധപ്പെട്ടാണ് സിബി പ്രശ്‌നം പരിഹരിച്ചത്.