കെട്ടിട അദാലത്ത് ജില്ലയിലെ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണം :ജില്ലാ കളക്ടര്‍

0

തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടനിര്‍മ്മാണാനുമതി, ക്രമവല്‍കരണാനുമതി,നമ്പറിംഗ്,ഒക്യുപെന്‍സി എന്നീ വിഷയങ്ങളില്‍ തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളില്‍ ജൂലൈ 10 നകം ഗ്രാമപഞ്ചായത്തുകളില്‍ അദാലത്ത് നടത്തി തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണാനുമതി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകളില്‍ സൂഷ്മപരിശോധന നടത്തി കഴിവതും വേഗത്തില്‍ ലൈസന്‍സ് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം.ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ പഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന അപേക്ഷകളില്‍ 10 നകം നടപടികള്‍ തീര്‍പ്പാക്കി മൂന്ന് ദിവസത്തിനകം അപേക്ഷകരെ വിവരം അറിയിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി കൈക്കൊള്ളണം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ആവശ്യമായ സഹായം ഗ്രാമപഞ്ചായത്തുകള്‍ക്ക് തേടാം. മേയ് 31 വരെ ലഭിച്ചതും ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതുമായ അപേക്ഷകളുടെ വിശദാംശങ്ങള്‍, കെട്ടിട നിര്‍മ്മാണ അനുമതി, കെട്ടിട നിര്‍മ്മാണ ക്രമവല്‍ക്കരണ അനുമതി, ഒക്കുപ്പെന്‍സി/കെട്ടിട നമ്പര്‍ എന്നിവയ്ക്കുള്ള അപേക്ഷകളുടെ വെവ്വേറെയുള്ള പട്ടിക തയ്യാറാക്കി അഭിപ്രായക്കുറിപ്പ് സഹിതം ജൂലൈ 11ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.മറ്റ് വകുപ്പുകളുടെ അനുമതി ആവശ്യമുള്ളവയും അപേക്ഷ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടും മറുപടി ലഭിക്കാത്തതുമായവയുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കുന്ന പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇത്തരത്തിലുള്ള അപേക്ഷകളില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തീര്‍പ്പാക്കുന്നതിന് വകുപ്പ്/സ്ഥാപനവുമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടെലഫോണ്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെടണം. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അദാലത്തിനായി കൈമാറുന്ന പട്ടികയില്‍ പരിഗണിക്കേണ്ടതായ അപേക്ഷകള്‍ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പു വരുത്തണം. അദാലത്തില്‍ പരിഗണിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നല്‍കുന്ന വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സൂഷ്മ പരിശോധന നടത്തണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജൂലൈ 26,27 തിയ്യതികളില്‍ ജില്ലാതലത്തിലും അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് അദാലത്ത്. അദാലത്ത് സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ടിമ്പിള്‍ മാഗി വിശദീകരിച്ചു. ജില്ലയിലെ 23 ഗ്രാപഞ്ചായത്തുകളിലായി മെയ് 30 വരെ തീര്‍പ്പാക്കാനുള്ള മുഴുവന്‍ അപേക്ഷകളും ജൂലായ് 26, 27 തീയതികളില്‍ യഥാക്രമം പനമരം ഗ്രാമപഞ്ചായത്ത് ഹാള്‍, മീനങ്ങാടി കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കുന്നതാണെന്നും അപേക്ഷകര്‍ അവസരം പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.അദാലത്തിലേക്ക് നേരിട്ട് അപേക്ഷ നല്‍കുന്നവര്‍ വെള്ളക്കടലാസില്‍ വിശദാംശങ്ങള്‍, പൂര്‍ണ്ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഗ്രാമപഞ്ചായത്തിന്റെ പേര് എന്നിവ രേഖപ്പെടുത്തി 11നകം ബന്ധപ്പെട്ട പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ കളക്ടറുടെ പ്രതിനിധി, ജില്ലാ ടൗണ്‍പ്ലാനര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ പങ്കെടുക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നേരിട്ട് ലഭിക്കുന്നതും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ലഭ്യമാക്കുന്നതുമായ എല്ലാ അപേക്ഷകളിലും അദാലത്തിനു മുമ്പ് ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ മുഖേന നേരിട്ട് സൈറ്റ് പരിശോധന നടത്തി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വസ്തുതാ റിപ്പോര്‍ട്ട് ശുപാര്‍ശ നല്‍കും. അദാലത്തില്‍ പരിഗണിക്കുന്ന കേസുകളില്‍ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220(ബി) യുടെ ലംഘനം ഉള്ളതായി സംശയമുണ്ടെങ്കില്‍ വിഷയത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ ചേര്‍ന്ന് അദാലത്തിന് ശേഷം ഏഴു ദിവസത്തിനകം സ്ഥലപരിശോധന നടത്തി തീരുമാനമെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!