എയര്‍പോര്‍ട്ട് റോഡ് സര്‍വ്വേ തുടങ്ങി
എയര്‍പോര്‍ട്ട് റോഡ് നാല് വരി പാത സര്‍വ്വേ തുടങ്ങി. വ്യാപാര സ്ഥാപനങ്ങള്‍ മുഴുവനും പൂര്‍ണ്ണമായും പൊളിച്ചുമാറ്റുന്നതിനെതിരെ വ്യാപാരികള്‍. സര്‍വ്വേ നടത്തുന്നതില്‍ തെറ്റില്ലെന്നും വ്യാപാരികളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ആവശ്യം. വികസനം തടസപ്പെടുത്തില്ലെന്നും വ്യാപാരികളുടെ ആവശ്യങ്ങള്‍ക്കു കൂടി പരിഹാരം കണ്ടെത്തി വേണം പാതയുമായി മുന്നോട്ട് പോകാനെന്നും വ്യാപാരികള്‍.കണ്ണൂര്‍ ജില്ലയിലും വയനാട് ജില്ലയിലും ഉള്‍പ്പെട്ട 22 കിലോ മീറ്ററിലാണ് സര്‍വ്വേ നടത്തുന്നത്.ഭൂരിഭാഗം സ്ഥലങ്ങളിലും സര്‍വ്വേ പ്രവര്‍ത്തീകള്‍ പൂര്‍ത്തിയായി. ടൗണുകളിലും മറ്റിടങ്ങളിലും സര്‍വ്വേ നടപടികള്‍ ഇതിനകം എകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു.കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് മുതല്‍ വയനാട് മാനന്തവാടി വിന്‍സെന്റ് ഗിരി വരെ 22 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ സര്‍വ്വേ നടത്തുന്നത്.കണ്ണൂര്‍ ജില്ലയിലെ അമ്പായത്തോട് മുതല്‍ ബോയിസ് ടൗണ്‍ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലും വയനാട് ജില്ലയിലെ ബോയിസ് ടൗണ്‍ മുതല്‍ തലപ്പുഴ ചുങ്കം, 44, തലപ്പുഴ ടൗണ്‍ കുഴി നിലം, കണിയാരം, എരുമത്തെരുവ്, മാനന്തവാടി ഗാന്ധി പാര്‍ക്ക്, ചെറ്റപ്പാലം ,വിന്‍സെന്റ് ഗിരി വരെ 17 കിലോമീറ്റര്‍ ദൂരത്തിലുമാണ് സര്‍വ്വേ നടത്തുന്നത്.
തമിഴ്‌നാട്ടിലെ വെല്‍ സിറ്റി കണ്‍സക്ഷന്‍ എഞ്ചിനീയറിംങ്ങ് പ്രൈവറ്റ് ലിമിറ്റഡാണ് നാല് വരി പാതക്ക് വേണ്ടിയുള്ള ആദ്യ ഘട്ട സര്‍വ്വേ നടത്തുന്നത്.മാനന്തവാടി ഗാന്ധി പാര്‍ക്ക് മൈസൂര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍വ്വേ പൂര്‍ത്തിയായി.ഇപ്പോള്‍ നിലവിലുള്ള റോഡിന്റെ വീതിയുടെ ഇരട്ടിയോളം സ്ഥലമാണ് നാല് വരി പാതക്കായി ഏറ്റെടുക്കേണ്ടി വരിക. തലപ്പുഴ ബോയിസ് ടൗണ്‍, തലപ്പുഴ 44, എസ് വളവ്, കുഴിനിലം, കണിയാരം, എരുമത്തെരുവ്, മാനന്തവാടി ഗാന്ധി പാര്‍ക്ക്, മൈസൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ള മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും, മറ്റ് ചില കെട്ടിടങ്ങളും, വീടുകളും നാല് വരി പാതക്കായി അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വ്വേ നടത്തിയപ്പോള്‍ തന്നെ നിലവിലെ കെട്ടിടങ്ങള്‍ പകുതിയിലധികവും പൊളിയുമെന്ന കാര്യം ഉറപ്പാണ്. അത്തരം സാഹചര്യത്തിലാണ് തങ്ങളുടെ ആശങ്കകളകറ്റാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത് എത്തിയത്