സിവില്‍ സര്‍വീസ് പരിശീലനം: അഞ്ച് വിദ്യാര്‍ത്ഥികളെ ‘പച്ചപ്പ്’ ഏറ്റെടുക്കും.

0

കല്‍പ്പറ്റ നിയോജക മണ്ഡലം പച്ചപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചു വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് തിരഞ്ഞെടുക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ‘പച്ചപ്പ് പദ്ധതിയുടെ ഭാഗമായി കിലയുടെയും തിരുവനന്തപുരം മാന്‍കൈന്‍ഡ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടത്തിയ ‘സിവില്‍ സര്‍വീസിലേക്കൊരു ചുവടുവയ്പ്’ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് മൂന്നും പട്ടികജാതി, പൊതുവിഭാഗങ്ങളില്‍ നിന്ന് ഓരോ വിദ്യാര്‍ത്ഥികളെയുമാണ് തിരഞ്ഞെടുക്കുക. ഇവരുടെ പരിശീലനത്തിന് ആവശ്യമായി വരുന്ന ഫീസ് പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. താമസം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഗണനയിലുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് എം.എല്‍.എ ഓഫിസില്‍ അപേക്ഷ നല്‍കാം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായിട്ടായിരിക്കും യോഗ്യരെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഇന്‍സ്പിരിറ്റ് ഐ.എ.എസ് അക്കാദമിയിലെ കെ.സംഗീത് ക്ലാസെടുത്തു. പച്ചപ്പ് കോ-ഓഡിനേറ്റര്‍ കെ.ശിവദാസന്‍, മാന്‍കൈന്‍ഡ് ഫൗണ്ടേഷന്‍ പ്രതിനിധി വി.പി അര്‍ജുന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!