വനം ഡിവിഷനില്‍ വ്യാപക അഴിമതി പരാതിയുമായി സി.പി.ഐ

0

നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വ്യാപക അഴിമതിയെന്ന് പരാതി. പരാതിയുമായി വനം ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാര്‍. മക്കിമല ആദിവാസി വനം സംരക്ഷണ സമിതിയിലടക്കം അഴിമതിയും ക്രമക്കേടും നടമാടുന്നതായാണ് സിപിഐ പരാതിപ്പെടുന്നത്.
ബേഗൂര്‍ റേഞ്ചില്‍ താല്‍ക്കാലിക വാച്ചര്‍മാരുടെ മസ്റ്റര്‍ റോള്‍ തയ്യാറെടുക്കുന്നതിലടക്കം അഴിമതിയാണ് നടക്കുന്നതെന്ന് സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി. താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ജോലി നല്‍കുന്നതിലും അഴിമതിയുണ്ട്. ബേഗൂര്‍ റേഞ്ച് പരിധിയിലെ മക്കിമല മുനീശ്വന്‍ കുന്ന് വനം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം അന്വേഷണ വിധേയമാക്കണം. യഥാ സമയം രജിസ്‌ട്രേഷന്‍ പുതുക്കുകയോ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയോ ചെയ്യാറില്ലെന്ന് സി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു. 4 വാച്ചര്‍മാര്‍ ഉള്ളിടത്ത് 2 പേരെ മാത്രം അമിത ജോലി ചെയ്യിച്ച് കഷ്ടപ്പെടുത്തുകയാണെന്ന് പരാതിയുണ്ട്. ടൂറിസ്റ്റുകള്‍ക്കായി ഇവിടെ നിര്‍മിച്ച ഹട്ടുകള്‍ പാടെ തകര്‍ന്നു. അറ്റകൂറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല. ഉദ്യോഗസ്ഥന്മാരുടെ നിരുത്തരവാദപരമായ സമീപനം വനം വകുപ്പിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട്. മക്കിമലയിലെ വനം ടൂറിസം തകര്‍ത്ത് സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വരുമാനം ഉണ്ടാക്കിക്കുന്ന ഏര്‍പ്പാടാണ് നടക്കുന്നത്. വനം വകുപ്പിന്റെ റോഡില്‍ റിസോര്‍ട്ട് ഉടമകള്‍ അറ്റകുറ്റപ്പണി നടത്തിയിട്ടും ഉദ്യോഗസ്ഥര്‍ നടപടി എടുക്കുന്നില്ല. വനം ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം വെച്ചു വിളമ്പാന്‍ താല്‍ക്കാലിക വാച്ചര്‍മാരെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉടന്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി പരാതി നല്‍കും. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ നിലപാടുകള്‍ക്കെതിരെ കാജഗഡി കോളനിയിലെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രത്യക്ഷ സമരം തന്നെ നടത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!