സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതി ഗ്രീന്‍ബെല്‍റ്റ് പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കം

0

മുളളന്‍ക്കൊല്ലി പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനിനദീത്തീരത്ത് ഗ്രീന്‍ബെല്‍റ്റ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും.നദീത്തീരത്ത് മൂന്ന് വരികളിലായി നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ച് തുടര്‍ പരിപാലനം നടത്തി ഗ്രീന്‍ബെല്‍റ്റ് സൃഷ്ടിക്കുന്ന തരത്തിലാണ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളുടെ വരള്‍ച്ചക്ക് പ്രധാനകാരണം കബനീനദീത്തീരത്തുളള വൃക്ഷങ്ങളുടെ ശോഷണവും, കര്‍ണ്ണാടകയില്‍നിന്നുളള ചുടുക്കാറ്റിന്റെ പ്രവേശനവുമാണെന്ന് മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 16 കിലോമീറ്റര്‍ നീളത്തില്‍ കബനി നദിയുടെ അതിര്‍ത്തിയിലൂടെ പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നത്.വനം വകുപ്പില്‍ നിന്നും ഇതിനായി രണ്ട് വര്‍ഷം പ്രായമുളള കൂടതൈകള്‍ വാങ്ങിയിട്ടുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും കര്‍ഷക കൂട്ടായ്മകളെയും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിപാലത്തിനായി പ്രത്യേകം തുകയും വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജ് വിഹിതത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത്, മുളളന്‍ക്കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെയും ഫണ്ടുകള്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 120 കാവുകളും മുപ്പത് കിലോമീറ്റര്‍ നീളത്തില്‍ നീര്‍ച്ചാലുകളില്‍ ഓടത്തൈകള്‍ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം നടന്നുവരുന്നുണ്ട്. മണ്ണിന്റെ ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനുളള ജൈവവള നിര്‍മ്മാണയൂണിറ്റുകളും ഉപരിതല ജലം സംഭരിക്കുന്നതിനുളള ചകിരി നിറച്ച കമ്പോസ്റ്റ് കുഴികളും മണ്‍ത്തടയണകളും നിര്‍മ്മിക്കുന്ന പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!