രാഹുല്‍ ഗാന്ധി കുറുക്കന്‍മൂല സന്ദര്‍ശിച്ചേക്കും
മാനന്തവാടി: കടുവ ശല്യം രൂക്ഷമായ കുറുക്കന്‍മൂലയില്‍ രാഹുല്‍ ഗാന്ധി എം.പി. സന്ദര്‍ശനം നടത്തിയേക്കും. നിശ്ചയിച്ച പരിപാടിയില്‍ കുറുക്കന്‍മൂല സന്ദര്‍ശനം ഇല്ലങ്കിലും ജനവികാരം മാനിച്ച് പ്രദേശം സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിക്കണമെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശ്‌നം ഗൗരവമായി എടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി.മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തിലും കടുവക്ക് കൂട് വെക്കാന്‍ വൈകിയതിലും പ്രതിഷേധിച്ചും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം നടത്തി വരികയാണ്.
ഈ ഘട്ടത്തില്‍ വയനാട്ടില്‍ മറ്റ് പരിപാടികളില്‍ മാത്രം പങ്കെടുത്ത് രാഹുല്‍ കുറുക്കന്‍മൂല സന്ദര്‍ശിക്കാതെ പോയാല്‍ യു.ഡി.എഫ്. സമരത്തില്‍ നേടിയ മേല്‍ക്കൈ ഇല്ലാതാകുമെന്നാണ് നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുള്ളത്.