കൊട്ടിയൂര്‍ വൈശാഖോത്സവം,ഇളനീരാട്ടം സമാപിച്ചു
ഞായറാഴ്ച്ച ഇളനീരാട്ടത്തിലും അഷ്ടമി ആരാധനയിലും ആയിരങ്ങള്‍ പങ്കെടുത്തു.അക്കരെ കൊട്ടിയൂരില്‍ തിങ്ങി നിറഞ്ഞ ഭക്തജന സഹസ്വങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഇളനീരഭിഷേകം. ശനിയാഴ്ച രാത്രി സമര്‍പ്പിച്ച ഇളനീരുകള്‍ കാര്യത്ത് കൈക്കോളന്‍മാര്‍ ചെത്തിയൊരുക്കി ഞായറാഴ്ച രാവിലെ മുതല്‍ മണിത്തറക്കു സമീപം കൂട്ടിയിട്ടു. ഇന്നു പുലര്‍ച്ചെ വരെ ഇളനീര്‍ഭിഷേകം തുടര്‍ന്നു. ഇന്നലെ രാത്രിയായിരുന്നു മുത്തപ്പന്‍ വരവ്. കോട്ടേരിക്കാവില്‍ നിന്നാണ് മുത്തപ്പന്‍ എഴുന്നള്ളിയത്. ഓടപ്പന്തവുമായി കുറിച്യയോദ്ധാക്കള്‍ ക്ഷേത്രത്തിലെത്തി കയ്യാല തീണ്ടി. മുത്തപ്പന് അരി ചൊരിഞ്ഞ് യോദ്ധാക്കള്‍ മടങ്ങിയ ശേഷമാണ് ഇളനീരഭിഷേകം തുടങ്ങിയത്. ഉഷ കാമ്പ്രം നമ്പൂതിരി അഭിഷേകം നടത്തി. വൈശാഖ മഹോത്സവത്തിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധന ഇന്നലെ ഉച്ചയോടെ നടന്നു. പ്രധാന സ്ഥാനികരും ഊരാളന്‍മാരും മാത്രമാണ് അഷ്ടമി ആരാധനയില്‍ പങ്കെടുക്കുക.