സ്ത്രീ ശാക്തീകരണം നോമ്പ് തുറ വിഭവങ്ങളുമായി മഹല്ല് കമ്മിറ്റി
മാനന്തവാടി: സ്ത്രീ ശാക്തീകരണ പ്രവര്‍ത്തികള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി നോമ്പ് തുറ വിഭവങ്ങളുടെ വഴിയോര കച്ചവടവുമായി മഹല്ല് കമ്മിറ്റിയും. ചെറ്റപ്പാലം നൂറുല്‍ ഇസ്‌ളാം മഹല്ല് കമ്മിറ്റിയാണ് സ്ത്രീ ശാക്തീകരണം ,വിദ്യാഭ്യാസ , സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി വഴിയോര വിപണി ഒരുക്കിയിരിക്കുന്നത്. 4 വര്‍ഷം മുമ്പാണ് മഹല്ല് കമ്മിറ്റി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. സ്വയം തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തയ്യല്‍ പരിശീലന യൂണിറ്റ് ആരംഭിക്കുകയും ഇതിനോടകം 35 ഓളം സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കുകയും ചെയ്തു. ഈ യുണിറ്റ് ഗാര്‍മെന്റ്‌സ് ആയി വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് നോമ്പ് തുറ വിഭവങ്ങളുടെ കച്ചവടം ആരംഭിച്ചത്. ഇത് വിജയമായ തൊടെയാണ് ഈ വര്‍ഷം കൂടുതല്‍ വിഭവങ്ങളുമായി കച്ചവടം വിപുലീകരിച്ചത്. വയനാടന്‍ വിഭവങ്ങളായ മുട്ട ബജജി, ഈത്തപ്പഴം പൊരി, ബ്രഡ് വീല്‍, പൊരിച്ച പത്തിരി, ചെമ്മീന്‍ ഉണ്ട പുട്ട്, കല്ലുമ്മക്കായ, ചിക്കന്‍ റോള്‍, ഉന്നക്കായ്, കിളിക്കൂട്, ഇറച്ചി അട, തലശ്ശേരി വിഭവങ്ങളായ കോഴിക്കാല്, കായ് പോള, ചൊറപ്പത്തില്‍, മക്രോണി പോള എന്നിവയെല്ലാമാണ് മിതമായ നിരക്കില്‍ കച്ചവടത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മഹല്ലിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട 20 കുടുംബങ്ങളുടെ ശാക്തീകരണത്തിനായി ഒരു വീട് കേന്ദ്രീകരിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നു. പാചകത്തിലേര്‍പ്പെട്ടിരിക്കുന്ന അംഗങ്ങള്‍ക്ക് നിശ്ചിത ശമ്പളം നല്‍കും. ലാഭത്തിന്റ് ഒരു വിഹിതം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ ഉള്‍പ്പെടെയുള്ളവക്കായി വീതിച്ച് നല്‍കുന്നു. കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളായ 6 പേര്‍ക്ക് അവരുടെ വിദ്യാഭ്യാസ ചിലവുകള്‍ക്കും മറ്റുമായി നിശ്ചിത ശതമാനം കമ്മീഷന്‍ നല്‍കുന്നു. ലാഭത്തില്‍ ഒരു വിഹിതം വിദ്യാഭ്യാസ ,സാമൂഹ്യ, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു. ഏരു മത്തെരുവ്, ചെറ്റപ്പാലം, മൈസൂര്‍ റോഡ് എന്നിവിടങ്ങളിലാണ് നോമ്പ് തുറ വിഭവങ്ങളുടെ വഴിയോര കച്ചവടം ഒരുക്കിയിരിക്കുന്നത്. ഇസ്‌ളാം മത വിശ്വാസികള്‍ മാത്രമല്ല ഇതുവഴി കടന്ന് പോകുന്ന വാഹനയാത്രക്കാരും ,കാല്‍നട യാത്രക്കാരുമെല്ലാം നോമ്പ് തുറയുടെ മാത്രം പ്രത്യേ കതയായ വിഭവങ്ങള്‍ വാങ്ങാനായി ധാരാളമായി എത്തുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു.