ഭൂമി വിണ്ട് കീറല്‍ ആശങ്കള്‍ക്കിടയാക്കുന്നു

0

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ഇടി മിന്നലില്‍ ഭൂമി വിണ്ട് കീറീയത് വീണ്ടും ആശങ്കകള്‍ക്കിടയാക്കുന്നു. മാനന്തവാടി പെരുവകയിലാണ് 40 മീറ്ററോളം ഭൂമി വീണ്ട് കീറിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വടക്കെ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ അതി ഭീകരമായ വിധത്തില്‍ ഭൂമി വീണ്ട് കീറുകയും ഭൂമി രണ്ടായി പിളരുകയും ചെയ്തിരുന്നു. വീടുകള്‍ക്ക് കനത്ത നാശനഷ്ട്ടങ്ങള്‍ സംഭവിച്ചിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിലാണ് നാശനഷ്ട്ടങ്ങള്‍ കൂടുതല്‍ ഉണ്ടായത്. പലയിടങ്ങളിലും ഈ പ്രതിഭാസം ആദ്യമായാണ് അനുഭവപ്പെട്ടത്. ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ജിയോളജി വകുപ്പിന്റെ വിദഗ്ധ സംഘം ഈ സ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് പെരുവഴിയിലായത്. പലരും ബന്ധു വീടുകളിലേക്ക് താമസം മാറ്റി. മറ്റ് ചിലര്‍ വാടക വീടുകളെ ആശ്രയിച്ചു. ഈ സ്ഥലങ്ങള്‍ വാസയോഗ്യമല്ല എന്ന റിപ്പോര്‍ട്ട് വന്നതോടെ തങ്ങളുടെ വര്‍ഷങ്ങളുടെ അധ്വാന ഫലമായ ഭൂമി വില്‍ക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലാണ് കുടുംബങ്ങള്‍. കാലവര്‍ഷം അടുത്തിരിക്കെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കടുത്ത ആശങ്കയിലുമാണ്. ഇടി മിന്നലില്‍ ഭൂമി വിണ്ട് കീറിയാലും, കനത്ത മഴയില്‍ തകര്‍ന്നാലും നാശനഷ്ട്ടങ്ങള്‍ക്ക് ലഭിക്കുന്നതാകട്ടെ തുച്ചമായ നഷ്ട്ടപരിഹാരവും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, ഭൂമി വിണ്ട് കീറല്‍ എന്നിവക്ക് ഏറെ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!