കല്‍പ്പറ്റ: യേശുവിന്റെ രാജകീയമായ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഭക്ത്യാദരപൂര്‍വ്വം ഓശാന ഞായര്‍ ആചരിക്കുന്നു. കാലത്ത് പള്ളികളില്‍ ഓശാന ശുശ്രൂഷയിലും വിശുദ്ധ കുര്‍ബ്ബാനയിലും നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ക്രൈസ്തവ സമൂഹം ആത്മ വിശുദ്ധിയോടെ ഒരാഴ്ച്ചത്തെ വിശുദ്ധ വാരാചരണത്തിലേക്ക് കടന്നു. യേശു ക്രിസിതുവിന്റെ പീഢനാനുഭവത്തിന്റെയും കുരിശ് മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ദിവ്യ സ്മരണ പുതുക്കുന്നതാണ് വിശുദ്ധ വാരാചരണം. അന്‍പത് നോമ്പിന്റെ ഏറ്റവും തീവ്രമായ ദിനങ്ങളാണ് വിശുദ്ധ വാരത്തിലേത്.
വെഞ്ചരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കി നടന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് വിവിധ ദേവാലയങ്ങളില്‍ ഇടവക വികാരിമാരും സഹായികളും നേതൃത്വം നല്‍കി. സൈത്തിന്‍ കൊമ്പുകളേന്തി ജറുസലേം ജനത യേശുവിനെ വിശുദ്ധ നഗരത്തിലേക്ക് വരവേറ്റത്തിന്റെ സ്മരണയില്‍ കുരുത്തോലകള്‍ കൈകളിലേന്തി വിശ്വാസി സമൂഹം ദേവാലയ പ്രദക്ഷിണം നടത്തി. ചിലയിടങ്ങളില്‍ നഗര പ്രദക്ഷിണവുമുണ്ടായിരുന്നു. ക്രിസ്തീയ ആത്മീയ ജീവിതത്തില്‍ സുപ്രധാനമായ വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി. വെഞ്ചരിച്ച കയ്യേറ്റ കുരുത്തോല വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിക്കുകയും പെസഹ വ്യാഴാഴ്ച്ച പെസഹ അപ്പത്തില്‍ കുരുശ് ആകൃതിയില്‍ പ്രാര്‍ത്ഥന പൂര്‍വ്വം അര്‍പ്പിക്കുകയും ചെയ്യും. പെസഹ വ്യാഴം, ദുഖ വെള്ളി, ദുഖ ശനി, ഈസ്റ്റര്‍ ഞായറാഴ്ച്ച എന്നീ ദിനങ്ങളെ ഭക്തി പൂര്‍വ്വം വരവേല്‍ക്കാന്‍ ക്രൈസ്തവ സമൂഹം ഇനി ഒരാഴ്ച്ച പ്രാര്‍ത്ഥനയോടെ കഴിയും.