എട്ട് വീടുകളുടെ താക്കോല്‍ നല്‍കി
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട സമര്‍പ്പണം ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ എവിടെ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള സഹായവുമായി സംഘടന ഇനിയും രംഗത്തുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലുണ്ടായ ദുരന്തങ്ങളില്‍ ഏറ്റവും ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രളയം. എന്നാല്‍ കേരള ജനത ഒരുമിച്ചു നിന്ന് അതിനെ അതിജീവിച്ചത് ലോകത്തിനു തന്നെ മാതൃകയായിരുന്നു. കേരളത്തിന്റെ എല്ലാ കാലത്തും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി ഗാന്ധിപാര്‍ക്കിലായിരുന്നു താക്കോല്‍ദാന ചടങ്ങ് നടന്നത്, പദ്ധതിയുടെ ഭാഗമായി സംഘടന നിര്‍മ്മിച്ചു നല്‍കുന്ന 8 വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്കു കൈമാറി. പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നിര്‍മ്മിച്ചു നല്‍കുന്ന 70 വീടുകളില്‍ 16 എണ്ണം വയനാട് ജില്ലയ്ക്കാണ് അനുവദിച്ചത്. 75 ലക്ഷം രൂപയാണ് ജില്ലയില്‍ പദ്ധതിക്കായി ചെലവഴിച്ചത്. വയനാട്ടില്‍ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 8 വീടുകള്‍ നേരത്തേ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ പദ്ധതി പ്രഖ്യാപനം നടത്തി. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ സമിതി അംഗം കലീമുള്ള സിദ്ദീഖി, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡണ്ട് വിളയോടി ശിവന്‍കുട്ടി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി കെ അബ്ദുസ്സമദ്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പി ടി സിദ്ദീഖ്, ജില്ലാ സെക്രട്ടറി എസ് മുനീര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് മൈമൂന അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.