കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വയനാട് മണ്ഡലത്തില്‍ നിയോഗിച്ച നിരീക്ഷകന്‍ ആനന്ദ്കുമാര്‍ ജില്ലയിലെത്തി. വ്യാഴാഴ്ച്ച കളക്ട്രേറ്റില്‍ എത്തിയ അദ്ദേഹം വരണാധികാരിയും ജില്ലാ കളക്ടറുമായ എ.ആര്‍ അജയകുമാറുമായി കൂടിക്കാഴ്ച്ച നടത്തി. പൂനെയില്‍ സി.ജി.എസ്.ടി ആന്റ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ ആണ് ഇദ്ദേഹം. ജനാധിപത്യപരവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനും സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുകയില്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ടോയെന്നും പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന നൂറ്റിപതിന്നൊന്നോളം സാധന സാമഗ്രികളുടെ അടിസ്ഥാനവില നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് പ്രചാരണ ചെലവുകള്‍ കണക്കാക്കുന്നത്. സ്ഥാനാര്‍ത്ഥികളോ ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ ദിനംപ്രതി വരവ്-ചെലവുകള്‍ എഴുതി സൂക്ഷിക്കണം. ചെലവ് നിരീക്ഷക സമിതി മുമ്പാകെ ഹാജരാക്കുകയും വേണം.
പണം, മദ്യം, മറ്റു പാരിതോഷികങ്ങള്‍ എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല. ഭീഷണിപ്പെടുത്തി ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനോ ചെയ്യാതെ ഇരിക്കാനോ പ്രേരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ജാതി-മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചോദിക്കരുത്. യഥാര്‍ത്ഥ ചെലവുകള്‍ മറച്ചുവയ്ക്കുകയോ കുറച്ചു കാണിക്കുകയോ ചെയ്താല്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും. ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ വിശദീകരിച്ചു. തിരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്കും പരാതി നല്‍കാം. ഫോണ്‍: 09819770890. ഇ-മെയില്‍: [email protected].