ലോക കാലാവസ്ഥാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസവകുപ്പിന്റെ 30 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് സൃഷ്ടിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അനുയോജ്യമായ ഏത് അളവിലുമുള്ള ഭൂഭാഗത്തും മനുഷ്യ നിര്‍മ്മിത ചെറുവനങ്ങള്‍ സൃഷ്ടിക്കുന്ന ഹരിതകേരളം മിഷന്റെ പദ്ധതിയാണ് പച്ചത്തുരുത്ത്.ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പരമാവധി പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം പച്ചത്തുരുത്തുകള്‍ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും ദേശീയ ഹരിത സേനാംഗങ്ങള്‍ക്കുമാണ് ഈ പച്ചത്തുരുത്തിന്റെ പരിപാലന ചുമതല. വൈത്തിരി പോലീസ് സ്റ്റേഷന്‍ അധികൃതരും സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്.
വൈത്തിരി ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡണ്ട് പി.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഹരിതസേന ജില്ലാ കണ്‍വീനറും സംസ്ഥാന അദ്ധ്യാപക ജേതാവുമായ സി.ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി ട്രെയിനര്‍ സുനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷംനാസ്, വൈത്തിരി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ് കണ്‍വീനര്‍ കെ.കെ സന്തോഷ്, ഹരിതകേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍ ആര്‍.രവി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.