തിരഞ്ഞെടുപ്പ് ഡ്യൂട്ടി; ജില്ലയില്‍ അയ്യായിരം ജീവനക്കാരെ നിയോഗിക്കും

0

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിപ്പിനായി പോളിങ് ബൂത്ത് തലത്തില്‍ 3750 ഉദ്യോഗസ്ഥരെ നിയമിക്കും. ജില്ലയില്‍ ആകെ അയ്യായിരത്തോളം ജീവനക്കാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെടുക. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ജില്ലയില്‍ 575 പോളിങ്ങ് ബൂത്തുകളാണ് സജ്ജമാക്കുക. സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുളള ജീവനക്കാരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. പോളിംങ് ബൂത്ത് ജീവനക്കാര്‍ക്ക് പുറമേ മറ്റ് അനുബന്ധ ജോലിക്കായി ആയിരത്തഞ്ഞൂറോളം പേരെയും നിയമിക്കും. ഇതോടൊപ്പം സുരക്ഷാകാര്യങ്ങള്‍ക്കായി ആവശ്യമായ പോലീസുകാരെയും വിവിധ കേന്ദ്രങ്ങളില്‍ വിന്യസിക്കും.

തിരഞ്ഞെടുപ്പ് ജോലിക്കായി ജില്ലയിലെ മുഴുവന്‍ ജീവനക്കാരുടെയും വിവര ശേഖരണം ഇലക്ഷന്‍ വിഭാഗം പൂര്‍ത്തിയാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലൂളള സോഫ്റ്റ് വെയറിലേക്ക് ജീവനക്കാരുടെ പേരുകള്‍ രേഖപ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സ്ഥലം നല്‍കുക. ഏപ്രില്‍ 22 ന് മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഡ്യൂട്ടിസ്ഥലം സംബന്ധിച്ച പൂര്‍ണ്ണ വിവരം ലഭ്യമാവുകയുളളു. ജില്ലയിലെ ആയിരത്തിയറുന്നൂറോളം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുളള 15000 ജീവനക്കാരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജീവനക്കാരെ കണ്ടെത്തുന്നത്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുളള പരിശീലനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാനാണ് ഇലക്ഷന്‍ വിഭാഗം ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!