ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് പദ്ധതിയുമായി ജനമൈത്രി എക്‌സൈസ്
മാനന്തവാടി: ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് യുവ ജനങ്ങളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെ മാനന്തവാടി ജനമൈത്രി എക്‌സൈസ് സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃക പരമായി മാറുന്നു. വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി ആദിവാസി വിഭാഗത്തിലെ യുവാക്കളെ ലഹരിയുടെ ഉപയോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തി കായിക മേഖലയില്‍ പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തിലെ യുവാക്കളുടെ ക്ലബുകള്‍ക്ക് ജേഴ്‌സി, ബൂട്ട്, ഫുട്‌ബോള്‍, വോളിബോള്‍, വോളിബോള്‍ നെറ്റ് മുതലായവ ഉള്‍ക്കൊള്ളുന്ന സ്‌പോര്‍ട്‌സ് കിറ്റുകളുടെ വിതരണവും നടത്തി. 9 ഫുട്‌ബോള്‍ ടീം, 3 വോളിബോള്‍ ടീം ഉള്‍പ്പടെ 12 ക്ലബുകളിലെ 135 അംഗങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. വള്ളിയൂര്‍ക്കാവ് മഹോത്സവ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പരിപാടിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ നിര്‍വ്വഹിച്ചു. ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജശേഖരന്‍ അധ്യക്ഷനായിരുന്നു. വയനാട് എക്‌സൈസ് ഡിവിഷന്‍ മാനേജര്‍ കെ.എസ് ഷാജി, മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എ.ജെ ഷാജി, അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, പി.ബാബുരാജ് പ്രിവന്റീവ് ഓഫീസര്‍, ബാബു മൃദുല്‍ കെ.എസ് ഇ.എസ്.എ വയനാട് ജില്ല സെക്രട്ടറി സെല്‍മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.