വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം
വയനാടിന്റെ ദേശീയ മഹോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം. ഉത്സവത്തിന് മുന്നോടിയായി പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തിരുവായുധം എഴുന്നെള്ളിപ്പ് ഇന്ന് രാത്രിയോടെ നടക്കും. മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം നടക്കുക. നാളെ രാവിലെ താഴെ കാവിന് സമീപമുള്ള ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് നിര്‍വ്വഹിക്കും. മഹോത്സവത്തോടനുബന്ധിച്ച് ചിത്രരചന, അക്ഷരശ്ലോക മത്സരം, തിരുവാതിര, ആദ്ധ്യാത്മിക പ്രഭാഷണം, നങ്ങ്യാര്‍ കൂത്ത്, ഓട്ടന്‍തുള്ളല്‍, ചാക്ക്യാര്‍കൂത്ത് തുടങ്ങിയ പരിപാടികള്‍ മേലെക്കാവില്‍ നടക്കും. ഉത്സവത്തിന്റെ ഏഴാം ദിവസമായ മാര്‍ച്ച് 21 ന് താഴെ കാവില്‍ കൊടിയേറ്റം നടക്കും. 24 ന് ഒപ്പനയ്ക്ക് പോകും 25 ന് ഒപ്പന വരവും നടക്കും. അന്ന് വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. 28ന് താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള അടിയറ വരവുകളും നടക്കും.