സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ്
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ വീണ്ടും സഭാ നടപടി. സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ട് സിസ്റ്റര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി. പുറത്തു പോയില്ലെങ്കില്‍ പുറത്താക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നതാണ് പ്രധാന കുറ്റം. കന്യാസ്ത്രി സമരത്തില്‍ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. പുറത്തു പോകുന്നില്ലെങ്കില്‍ കാരണം ഏപ്രില്‍ 16ന് മുമ്പ് അറിയിക്കണമെന്ന് എഫ്.സി കോണ്‍ഗ്രിഗേഷന്‍ പ്രൊവിന്‍ഷ്യാലിന്റെ പേരിലുള്ള നോട്ടീസില്‍ പറയുന്നു. എന്നാല്‍ പുറത്താക്കാനുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും, ഒരിക്കലും സ്വയം പിരിഞ്ഞു പോകില്ലെന്നുമാണ് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം.