പച്ചക്കറിക്ക് പൊള്ളുന്ന വില
മാനന്തവാടി: ഒരാഴ്ച മുന്‍പുള്ള വിലയേക്കാള്‍ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് അന്‍പതും അതിലധികവും ശതമാനം വില കൂടി. ഉപഭോക്താക്കള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന തക്കാളി പച്ചമുളക് അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില കൂടിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 30 രൂപ വില ഉണ്ടായിരുന്ന പച്ചമുളകിന് ഇന്നലെ 60 രൂപയാണ് വില 12 രൂപ വില ഉണ്ടായിരുന്ന തക്കാളിക്ക് 20 രൂപയായും കാരറ്റിന് 22 രൂപയുള്ളത് 40 രൂപയായും വര്‍ദ്ധിച്ചു. ഏറ്റവും കുടുതല്‍ വില വര്‍ദ്ധിച്ചത്. ചെറുനാരങ്ങക്കാണ്. 40 രൂപ ഉണ്ടായിരുന്നത് 100 രൂപയായാണ് ഉയര്‍ന്നത്. 20 രൂപ ഉണ്ടായിരുന്ന വെണ്ടക്ക് 50 രൂപയും 20 രൂപ വിലയുള്ള ബീറ്റ്‌റൂറൂട്ടിന് 30 രൂപയും.20 രൂപയുള്ള ബീന്‍സിന് 40 രൂപയും വില ഉയര്‍ന്നു. കാബേജിന് 10 രൂപയുള്ളത് 20രൂപയും പത്ത് രൂപ വിലയുള്ള വെള്ളേരിക്ക് 20 രൂപയും വര്‍ദ്ധിച്ചു. പത്ത് രൂപ വിലയുള്ള കക്കിരിക്ക് 30 രൂപയും 40 രൂപ വിലയുള്ള കൂര്‍ക്കലിന് 55 രൂപയും പയറിന് 20 രൂപ വില ഉണ്ടായിരുന്നത് 40 രൂപയായുമാണ് വില ഉയര്‍ന്നത്. പച്ചക്കറി വില വന്‍തോതില്‍ ഉയര്‍ന്നതോടെ ഇതിനെ മാത്രം ആശ്രയിക്കുന്നവര്‍ ദുരിതത്തിലായി. കര്‍ണ്ണാടകയില്‍ കാലവസ്ഥയിലുണ്ടായ വ്യതിയാനവും ഉല്‍പ്പാദന കുറവുമാണ് പച്ചക്കറിക്ക് വന്‍തോതില്‍ വില വര്‍ദ്ധിക്കാനിടയാക്കിയത്. വയനാട് അടക്കമുള്ള ജില്ലകളിലേക്ക് കര്‍ണ്ണാടകയില്‍ നിന്നാണ് ഭൂരിഭാഗം പച്ചക്കറി ഉല്‍പ്പന്നങ്ങളും വന്ന് കൊണ്ടിരുന്നത്. അവിടെ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി വരുന്നതിനാലാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.