പ്രതിഫല തുക ലഭിച്ചില്ല; പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍
മാനന്തവാടി: സംസ്ഥാനത്ത് ട്രഷറിനിയന്ത്രണത്തെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള പാക്കേജ് പ്രകാരമുള്ള പ്രതിഫല തുക കഴിഞ്ഞ മൂന്ന് മാസക്കാലമായി കുടിശ്ശികയായിരിക്കുകയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിഫലം മുടങ്ങിയതിനെ തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലും കടകെണിയിലുമാണ്. ഭക്ഷ്യ വകുപ്പുമായും ധനകാര്യ വകുപ്പുമായും നിരന്തരം ആവശ്യപ്പെട്ടെങ്കിലും പ്രതിഫലം ലഭ്യമാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ കടയടപ്പ് സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയിലെ വൈത്തിരി, ബത്തേരി താലൂക്കിലെ വ്യാപാരികളെ സഹായിക്കുന്ന അധികൃതര്‍ മാനന്തവാടി താലൂക്കിലെ വ്യാപാരികളോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. ഈ താലൂക്കുകളില്‍ ഒരു മാസത്തെ തുക എങ്കിലും കിട്ടി കഴിഞ്ഞു. മാനന്തവാടി താലൂക്കില്‍ മാത്രമാണ് ഒരു തുകയും ലഭിക്കാത്തത്. വാര്‍ത്താ സമ്മേളനത്തില്‍ പോക്കു തലപ്പുഴ, ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, മായന്‍ മക്കിയാട്, പി ഉസ്മാന്‍, ഇ.കെ ഹമീദ് തുടങ്ങിവര്‍ സംബന്ധിച്ചു.