പൂക്കളുടെ മഹാമേള പൂപ്പൊലി ഏപ്രില്‍ 12 ന്

0

അമ്പലവയല്‍: കാഴ്ചകളുടെ വിസ്മയം വിരിയിച്ച് വിനോദ സഞ്ചാരത്തിന്റെ വഴികളെ അമ്പലവയലിലേക്ക് എത്തിക്കുന്ന പൂക്കളുടെ മഹാമേളയായ പൂപ്പൊലി രാജ്യാന്തര പുഷ്പ ഫല പ്രദര്‍ശന മേളക്ക് ഏപ്രില്‍ 12ന് തുടക്കമാകും. കേരള കാര്‍ഷിക വികസന വകുപ്പ്്, കേരള കാര്‍ഷിക സര്‍വ്വകലാശാല, അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവരാണ് പൂപ്പൊലിയുടെ സംഘാടകര്‍. പതിനൊന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന പൂപ്പൊലി ഇക്കുറിയും വര്‍ണ്ണാഭമായി നടത്താനാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വെച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേരുമെന്ന് കേന്ദ്രം മേധാവി ഡോ കെ.അജിത് കുമാര്‍ അറിയിച്ചു. വിനോദത്തിനൊപ്പം വിജ്ഞാനത്തിന് കൂടി പ്രാമുഖ്യ നല്‍കുമെന്നും അദ്ദേഹം വയനാട് വാര്‍ത്തകളോട് പറഞ്ഞു. മധ്യ വേനലവധിക്കാലമായതിനാല്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ എത്തിക്കാനാണ് അധികൃതരുടെ നീക്കം. പതിവ് പോലെ കര്‍ഷക കൂട്ടായ്മകള്‍, നേഴ്സറി-കാര്‍ഷിക പ്രതിനിധികള്‍, കാര്‍ഷിക വകുപ്പ്,കാര്‍ഷികേതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പുഷ്പ ഫലങ്ങളുടെ ഉല്‍പ്പാദനവും വിപണനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരഭകര്‍ എന്നിവരുടേതുള്‍പ്പടെയുള്ള സ്റ്റാളുകള്‍ മേള നഗരിയില്‍ ക്രമീകരിക്കാനാണ് നീക്കം. ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടാകും. സാധാരണ ജനുവരി മാസത്തിലാണ് പൂപ്പൊലി പുഷ്പമേള നടത്തിയിരുന്നത്. പ്രളയം കണക്കിലെടുത്താണ് മൂന്ന് മാസം വൈകി ഏപ്രിലില്‍ നടത്താന്‍ ധാരണയായത്. 12 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്നതാണ് പൂപ്പൊലി ഉദ്യാനം.

Leave A Reply

Your email address will not be published.

error: Content is protected !!