കടുവയുടെ ആക്രമണത്തില്‍ പശുവിന് പരിക്ക്

0

കാപ്പിക്കുന്ന് എടയളംകുന്നിലെ മാറാച്ചേരിയില്‍ ഏല്‍ദോസിന്റെ എട്ടുമാസം ചെനയുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്. എല്‍ദോസിന്റെ മകന്‍ ജെയ്മോന്‍ പശുക്കളെ തീറ്റിയ ശേഷം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് കാട്ടില്‍ നിന്നും കടുവ ചാടിയിറങ്ങി പശുവിനെ പിടികൂടിയത്. ഇത് കണ്ട് ജെയ്മോന്‍ ശബ്ദമുണ്ടാക്കിയതോടെ പശുവിനെ വിട്ട് പിന്തിരിഞ്ഞ കടുവ ജെയ്മോനുനേരെ ചാടിയെങ്കിലും ബഹളംവെച്ചതോടെ കടുവ കാട്ടിനുള്ളിലേക്ക് പിന്‍വലിഞ്ഞു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടറെത്തി പശുവിന് ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഗുരുതര പരിക്കുള്ളതിനാല്‍ പശു അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഏല്‍ദോസ് പറഞ്ഞു. ഇതിന് മുമ്പ് എല്‍ദോസിന്റെ മൂന്ന് കന്നുകാലികളെ കടുവ കൊന്നിട്ടുണ്ട്. പക്ഷെ വനംവകുപ്പ് തുശ്ചമായ നഷ്ടപരിഹാരം മാത്രമേ നല്‍കിയുള്ളുവെന്നാണ് ഇവരുടെ പരാതി. വനാതിര്‍ത്തി മേഖലയായ എടയളംകുന്നില്‍ കടുവയും കാട്ടാനയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഈ പ്രശത്ത് സ്ഥിരമായിറങ്ങി ഭീതിപരത്തുന്ന കടുവയെ വനംവകുപ്പ് കൂടുവെച്ച് പിടികൂടി, ജനങ്ങളുടെ ഭീതിയകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!