വനഭൂമിയിലെ മരം മുറിച്ചു കടത്തല്‍:  കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

0

വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടിയും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ഭരണ വിഭാഗം എപിസിസിഎഫ് പ്രമോദ് ജി.കൃഷ്ണന്റെ ഉത്തരവ്. ഡിഎഫ്ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കും. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി.

സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വനം അഡിഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.പരിശോധനകള്‍ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നല്‍കി, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും കുറ്റവാളികള്‍ തടി കടത്തുന്നതിന് ഇടയാക്കി, യഥാര്‍ഥ പ്രതികളെ നിയമനത്തിനു മുന്നില്‍ കൊണ്ടുവന്നില്ല തുടങ്ങി വിവിധ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇവരില്‍ കല്‍പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ.ചന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാര്‍, വാച്ചര്‍മാരായ ജോണ്‍സണ്‍, ബാലന്‍ എന്നിവര്‍ നേരത്തെ സസ്‌പെന്‍ഷനിലാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!