സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളങ്ങി ബത്തേരിക്കാരി അശ്വതി

0

സിവില്‍ സര്‍വീസ് പരീക്ഷയില്‍ 465-ാം റാങ്കും സംസ്ഥാന തലത്തില്‍ 25-ാം റാങ്കും നേടി വയനാടിന്റെ അഭിമാനമായി ബത്തേരി കല്ലുവയല്‍ സ്വദേശി ശിവപ്രിയ വീട്ടില്‍ അശ്വതി ശിവറാം. സ്‌കൂള്‍ കാലം മുതല്‍ ഐ.എ.എസ് സ്വപ്നം കണ്ട അശ്വതിയുടെ ലക്ഷ്യത്തിലെത്തിയത് അഞ്ചാമത്തിലെ പരിശ്രമത്തിലാണ്. മുമ്പ് നാല് തവണയും പ്രിലിംസ് നേടാന്‍ സാധിച്ചില്ലെങ്കിലും പരിശ്രമം തുടരുകയായിരുന്നു. കഠിനപ്രയത്‌നത്തിലൂടെയും നിശ്ചദാര്‍ഢ്യത്തിന്റെയും ഫലമായാണ് അശ്വതിക്ക് അഭിമാനകരമായ നേട്ടം കരസ്ഥമാക്കാനായത്.

താന്‍ പഠിച്ച സ്‌കൂളുകളിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ കണ്ടാണ് ചെറുപ്പത്തിലെ ഈ മോഹം അശ്വതിയുടെ മനസില്‍ കയറിക്കൂടിയത്. ഐ.എ.എസ് സ്വപ്നത്തിലേക്കുള്ള പരിശ്രമം ആരംഭിക്കുന്നത് 2019ലാണ്. തുടര്‍ന്നാണ് അഞ്ചാം പരിശ്രമത്തില്‍ സിവില്‍ സര്‍വീസില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചത്. സിവില്‍ സര്‍വീസ് നേടാന്‍ അശ്വതിക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നത് വീട്ടുകാരാണ്. സുല്‍ത്താന്‍ ബത്തേരിയിലെ ലക്കി ഇലക്ട്രിക്സില്‍ ജോലി ചെയ്യുന്ന അച്ഛന്‍ കെ. ശിവരാമനും ഭാരതീയ വിദ്യാഭവനില്‍ അധ്യാപികയായ അമ്മ ആഷയും സഹോദരി ഡോ. ആരതിയുമാണ് അശ്വതിക്ക് പ്രോത്സാഹനം നല്‍കി ഒപ്പംനില്‍ക്കുന്നത്.

സിവില്‍ സര്‍വീസ് നേടിയെങ്കിലും എല്ലാവരുടെയും മോഹമായ ഐ.എ.എസ്. ലഭിക്കും വരെ പരിശ്രമം തുടരനാണ് അശ്വതിയുടെ തീരുമാനം. അശ്വതി പത്താം ക്ലാസ് വരെ പഠിച്ചത് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലാണ്. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 95 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കി. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി സെയ്ന്റ് മേരീസ് കോളജില്‍ നിന്ന് രസതന്ത്രത്തില്‍ നാലാം റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദം യൂണിവേഴ്‌സിറ്റി തലത്തില്‍ മൂന്നാംറാങ്കോടെയുമാണ് അശ്വതി പാസായത്. നെറ്റ് യോഗ്യതയും ഈമിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!