തടയണ നിര്‍മാണം ആരംഭിച്ചു

0

ജനകീയ പങ്കാളിത്തത്തോടെ കബനി നദിയില്‍ തടയണ നിര്‍മാണം ആരംഭിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 8.30ഓടെ തടയണ നിര്‍മാണം ആരംഭിച്ചത്. കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 500ഓളം ആളുകളാണ് തടയണ നിര്‍മാണത്തില്‍ പങ്കാളികളായത്. മരക്കടവ് പമ്പ് ഹൗസിന് സമീപമാണ് കബനി നദിക്ക് കുറുകേ മണല്‍ചാക്കുകളും കല്ലുകളും ഉപയോഗിച്ച് തടയണ നിര്‍മാണം. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് തടയണ നിര്‍മിക്കുന്നത്.

കബനി കുടിവെള്ള പദ്ധതിയിലെ പമ്പിങ് മുടങ്ങിയതിനെ തുടര്‍ന്ന് പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ഒരാഴ്ചയോളമായി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് കബനിയിലെ തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ കാരാപ്പുഴ, ബാണാസുരസാഗര്‍ അണക്കെട്ടുകളില്‍നിന്നും കബനി നദിയിലേക്ക് കുടിവെള്ളമെത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതിനെ തുടര്‍ന്നാണ് തടയണ നിര്‍മിക്കുന്നത്. കര്‍ണാടക ബീച്ചനഹള്ളി ഡാമില്‍നിന്നും കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമായി വെള്ളം കൂടുതല്‍ തുറന്നുവിട്ടതോടെയാണ് കബനി നദിയിലെ ജലവിതാനം കുത്തനെ താഴാന്‍ കാരണം. പുല്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ 38 വാര്‍ഡുകളില്‍നിന്നായി കുടുംബശ്രീ പ്രവര്‍ത്തകരും രാവിലെ മുതല്‍തന്നെ തടയണ നിര്‍മാണത്തില്‍ പങ്കാളികളായി.
തടയണ നിര്‍മാണത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയന്‍, ടി.എസ്. ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റുമാരായ ശോഭന സുക, മോളി സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷന്‍ പി.ഡി. സജി, ഷിനു കച്ചിറയില്‍, ജോസ് നെല്ലേടം, പി.എസ്. കലേഷ്, ചന്ദ്രബാബു, മേഴ്സി ബെന്നി, ജിസ്ര മുനീര്‍, പി.എ. പ്രകാശന്‍, ജോബി കരോട്ടുകുന്നേല്‍, രാജന്‍ പാറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!